ബോക്‌സൈറ്റ് ഖനനത്തിനെതിരെ മെയ് ഒന്നിന് മനുഷ്യമതിലുമായി സി.പി.ഐ.എം
Kerala
ബോക്‌സൈറ്റ് ഖനനത്തിനെതിരെ മെയ് ഒന്നിന് മനുഷ്യമതിലുമായി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th April 2026, 7:05 am

കാസര്‍ഗോഡ്: മുള്ളേരിയ കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കാറഡുക്ക വാര്‍ഡുകളില്‍ ബോക്‌സൈറ്റ് ഖനനം നടത്താനുള്ള നീക്കത്തിനെതിരെ മനുഷ്യമതില്‍ തീര്‍ക്കാന്‍ ഒരുങ്ങി സി.പി.ഐ.എം. മെയ് ഒന്നിന് വൈകിട്ട് ആറിനായിരിക്കും പ്രതിഷേധമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖനനം നടത്തായി രേഖപ്പെടുത്തിയ കാടകം പതിമൂന്നാംമൈലില്‍ സംസ്ഥാനപാതയോട് ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കുക. കാളിദാസ ക്ലബ് പരിസരത്ത് വൈകിട്ട് അഞ്ചിന് സമരസമിതി രൂപീകരണവുണ്ടാകും.

പ്രദേശത്ത് ഖനനം നടത്താന്‍ കേന്ദ്ര – സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ ചേര്‍ന്ന് സര്‍വേ പൂര്‍ത്തിയാക്കുകയും ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.

കാടകത്ത് 82.15 ഹെക്ടര്‍ സ്ഥലമാണ് ഖനനം നടത്താന്‍ നീക്കിവെച്ചതെന്നാണ് വിവരം. ഈ പ്രദേശം ഒരു ജനവാസ മേഖലയാണ്. ഖനനത്തിനായി തെരഞ്ഞെടുത്ത സ്ഥലം വനം വകുപ്പിന്റെ സംരക്ഷിത മേഖലയാണെങ്കിലും ചുറ്റും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രദേശത്ത് ആയിരത്തോളം വീടുകളെയും കുടുംബങ്ങളെയും ഖനനം നേരിട്ട് ബാധിക്കുമെന്ന ആശങ്കയുണ്ട്.

ഖനനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ഖനന നടപടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം കാടകം ലോക്കല്‍ കമ്മിറ്റി കാസര്‍ഗോഡ് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

കേന്ദ്ര മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് രഹസ്യമായിട്ടാണ് ഖനന നടപടികളുമായി മുന്നോട്ട് പോകുന്നത് എന്ന ആക്ഷേപമുണ്ട്. ഇതുവരെ ഖനനത്തിന് സംബന്ധിച്ച പൂര്‍ണവിവരം പരസ്യപ്പെടുത്തിയിട്ടില്ല. ജിയോളജി വകുപ്പിന്റെ സംസ്ഥാന – ജില്ലാ ഓഫീസുകള്‍ക്ക് ചില നിര്‍ദേശം മാത്രമാണ് നല്‍കിയത്.

ഖനനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പ്രദേശത്ത് എത്തിയ സംസ്ഥാന ജോയിന്റ്‌റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരോട് നാട്ടുകാരും ജനപ്രതിധികളും അറിയിച്ചിരുന്നു. എന്നാല്‍, ആശങ്ക പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്ന് പ്രദേശത്തുള്ളവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എ. വിജയകുമാര്‍, ജയന്‍ കാടകം, കെ. പി. സുജല, കെ. ശങ്കരന്‍, സി. കെ. വിജയകുമാര്‍, രജിത്ത് കാടകം എന്നിവര്‍ പങ്കെടുത്തു.

Content Highlight: CPI(M) to hold a human chain against bauxite mining on May 1st.