ആരോപണങ്ങള്‍ പുതുതായി കേള്‍ക്കുന്ന ആളല്ല മുഖ്യമന്ത്രി; കള്ളക്കഥകള്‍ക്ക് മുന്നില്‍ സി.പി.ഐ.എം കീഴടങ്ങില്ല: കോടിയേരി ബാലകൃഷ്ണന്‍
Kerala News
ആരോപണങ്ങള്‍ പുതുതായി കേള്‍ക്കുന്ന ആളല്ല മുഖ്യമന്ത്രി; കള്ളക്കഥകള്‍ക്ക് മുന്നില്‍ സി.പി.ഐ.എം കീഴടങ്ങില്ല: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th June 2022, 5:56 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരുന്ന ആരോപങ്ങളില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കോടിയേരി പറഞ്ഞു.
പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ കൊണ്ട് രാജിവെപ്പിക്കുകയാണ് ലക്ഷ്യം. ആരോപണങ്ങള്‍ പുതുതായി കേള്‍ക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ഇത്തരം കള്ളക്കഥകള്‍ക്ക് മുന്നില്‍ സി.പി.ഐ.എം കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

‘സ്വര്‍ണക്കടത്ത് കേസന്വേഷണം ബി.ജെ.പിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചു. സ്വര്‍ണം ആരാണ് അയച്ചത്, ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് വരെയും സാധിച്ചിട്ടില്ല. സ്വര്‍ണം അയച്ചവര്‍ ഇപ്പോഴും പ്രതികള്‍ അല്ല. സ്വര്‍ണം അയച്ചയാളെ ഇതുവരെ പ്രതിയാക്കിയില്ല,’ അദ്ദേഹം വ്യക്തമാക്കി.

ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വര്‍ണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബി.ജെ.പിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ലെന്നാണ് മുന്‍പ് സ്വപ്ന പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും സ്വപ്ന പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കേസുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സ്വപ്ന പിന്നീട് മാറ്റിപ്പറഞ്ഞതായും കോടിയേരി ചൂണ്ടിക്കാട്ടിരഹസ്യമൊഴിയിലെ വിവരങ്ങള്‍ സ്വപ്ന തന്നെ വെളിപ്പെടുത്തുന്നു.

പുതിയതായി ഉള്ള ആരോപണം ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തി എന്നതാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൂഢാലോനയുടെ ഭാഗമാണ്. ഗൂഢാലോനയെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

Content Highlights: CPI (M) state secretary Kodiyeri Balakrishnan responds to allegations against Chief Minister Pinarayi Vijayan in connection with a gold smuggling case