സംഘപരിവാര്‍ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പാക്കില്ല; സി.പി.ഐയുടെ വിയോജിപ്പ് പരിഹരിക്കാവുന്നതെന്ന് എം.വി. ഗോവിന്ദന്‍
Kerala
സംഘപരിവാര്‍ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പാക്കില്ല; സി.പി.ഐയുടെ വിയോജിപ്പ് പരിഹരിക്കാവുന്നതെന്ന് എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th October 2025, 4:23 pm

തിരുവനന്തപുരം: പി.എം ശ്രീ ഉള്‍പ്പെടെയുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സി.പി.ഐ.എം സംസ്ഥാന പ്രസിഡന്റ് ഗോവിന്ദന്‍. സംഘപരിവാര്‍ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്നു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് അവകാശപ്പെട്ട പദ്ധതികളുടെ പണം കേരളത്തിന് വേണമെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള 8000ത്തോളം കോടി രൂപ പല കാര്യങ്ങള്‍ പറഞ്ഞ് തരാതിരക്കുകയാണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പി.എം ശ്രീയിലേത് കേരളത്തിന് അര്‍ഹതപ്പെട്ട പണമാണെന്നും അദ്ദേഹം പറഞ്ഞു.

എക്കാലത്തും പി.എം ശ്രീയില്‍ പറയുന്ന നിബന്ധനകള്‍ക്ക് എതിരെയാണ് പാര്‍ട്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എം ശ്രീയുമായി ബന്ധപ്പെട്ട സി.പി.ഐയുടെ വിയോജിപ്പും ഭരണപരമായ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസിന് ഒരക്ഷരം മിണ്ടാന്‍ അവകാശമില്ലെന്നും ഇന്ത്യയില്‍ ആദ്യമായി പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് രാജസ്ഥാന്‍ ഭരിക്കവേ കോണ്‍ഗ്രസാണെന്നും കര്‍ണാടകയിലും തെലുങ്കാനയിലും അവര്‍ ഒപ്പിട്ടു എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നിട്ട് ഇവിടെ ഒരു വടി കിട്ടുമല്ലോ എന്ന് കരുതിയാണ് കോണ്‍ഗ്രസ് ഇരട്ടത്താപ്പ് സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഒപ്പുവെച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ 1500 കോടിയുടെ എസ്.എസ്.എ ഫണ്ട് കേരളത്തിന് ലഭ്യമാകും. മൂന്ന് വര്‍ഷത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവിലാണ് സംസ്ഥാനം പി.എം ശ്രീയില്‍ ഒപ്പുവെച്ചത്.

Content Highlight: CPI(M) state president Govindan says the state government will move forward with the project including PM Shri