വിജയവാഡ: 400 കോടി വിലമതിക്കുന്ന ബസ് സ്റ്റാൻഡ് ഭൂമി ലുലു ഗ്രൂപ്പിന് നൽകാനുള്ള ആന്ധ്രാപ്രദേശ് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം. ലുലു മാളിന്റെ നിർമാണത്തിനായി പഴയ ബസ് ഡിപ്പോയിലെ അഞ്ച് ഏക്കറോളം വരുന്ന ഭൂമി വിട്ട് കൊടുക്കാനാണ് സർക്കാർ തീരുമാനിച്ചത്.
സർക്കാരിന്റെ ഈ നീക്കം പ്രാദേശിക വ്യാപാരികളെ സഥലത്ത് നിന്ന് ഒഴിപ്പിക്കുന്നതിന് കാരണമാകുമെന്ന് സി.പി.ഐ.എം വിമർശിച്ചു. കൂടാതെ പൊതുമുതൽ ബലികഴിച്ച് ബഹുരാഷ്ട്ര കോർപ്പറേഷനുകളെ പിന്തുണക്കുന്ന സർക്കാർ നയത്തെയും പാർട്ടി വിമർശിച്ചു. സി.പി.ഐ.എം നേതാക്കളായ സി.എച്ച് ബാബു റാവുവും ഡി. കാശിനാഥും പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഇത് വികസനമല്ല മറിച്ച് സാമ്പത്തിക കോളനിവല്‍ക്കരണമാണെന്നും സി.പി.ഐ.എം നേതാവ് ബാബു റാവു പറഞ്ഞു. ആയിരക്കണക്കിന് ചെറുകിട-ഇടത്തരം വ്യാപാരികളെ തകര്‍ക്കുന്നതിന് ലുലുവിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് വികസനമല്ല, സാമ്പത്തിക കോളനിവൽക്കരണമാണ്. ഈ നീക്കം ആയിരക്കണക്കിന് ചെറുകിട, ഇടത്തരം കച്ചവടക്കാരുടെ ഉപജീവനമാർഗം നശിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.
പൊതു ഭൂമി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുന്ന പ്രവണത വർധിച്ചുവെന്നും വിശാഖപട്ടണത്ത് 13 ഏക്കർ ഭൂമി സമാനമായ നിർമിതികൾക്കായി നൽകിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കനാൽ തീരങ്ങളിൽ നിന്ന് ദരിദ്രരെ കുടിയിറക്കുകയും വിദേശ കമ്പനികൾക്ക് ഭൂമിയും ഇളവുകളും നൽകുകയും ചെയ്യുന്നതായി അവർ ആരോപിച്ചു. പൊതു വിഭവങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ മറക്കുന്നുവെന്നും ആർ.ടി.സി സ്വകാര്യവതക്കരിക്കാൻ സർക്കാർ പ്രേരിപ്പിക്കുകയാണെന്നും സി.പി.ഐ.എം ആരോപിച്ചു. സർക്കാരിന്റെ ഈ തീരുമാനം അനീതിയും ജനവിരുദ്ധവുമാണെന്ന് ഡി. കാശിനാഥ് വിമർശിച്ചു.
നിരവധി ജില്ലാ സി.പി.ഐ.എം നേതാക്കളും വിരമിച്ച ആർ.ടി.സി ജീവനക്കാരും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഭൂമി അനുവദിക്കുമെന്ന നിർദേശം സർക്കാർ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് പാർട്ടി പറഞ്ഞു. സർക്കാർ നയങ്ങൾക്കെതിരെ പൗരന്മാരോട് ഒന്നിക്കാൻ സി.പി.ഐ.എം നേതാക്കൾ ആഹ്വാനം ചെയ്തു. ഒപ്പം കോർപ്പറേറ്റുകൾ പൊതു സ്വത്ത് ഏറ്റെടുക്കുന്നതിൽ പ്രതിഷേധിക്കാനും ചെറുകിട കച്ചവടക്കാരുടെയും, മധ്യവർഗത്തിന്റെ താത്പര്യങ്ങളും സംരക്ഷിക്കാൻ വിജയവാഡയിലെ ജനങ്ങൾ ഒന്നിക്കണമെന്നും പറഞ്ഞു.
Content Highlight: CPI(M) protests government move to allot RTC land to Lulu Group in Vijayawada