'ദല്‍ഹിയല്ല, ഇവടെ എനിക്ക് നിങ്ങളെയും നിങ്ങള്‍ക്ക് എന്നെയും വിമര്‍ശിക്കാം': എം.എം. മണി
Kerala News
'ദല്‍ഹിയല്ല, ഇവടെ എനിക്ക് നിങ്ങളെയും നിങ്ങള്‍ക്ക് എന്നെയും വിമര്‍ശിക്കാം': എം.എം. മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th July 2022, 11:15 pm

തിരുവനന്തപുരം: നിയമസഭയില്‍ കെ.കെ. രമക്കെതിരായ തന്റെ പരാമര്‍ശം വിവാദമായിരിക്കെ പ്രതികരണവുമായി സി.പി.ഐ.എം എം.എല്‍.എ എം.എം. മണി. എനിക്ക് നിങ്ങളെയും നിങ്ങള്‍ക്ക് എന്നെയും വിമര്‍ശിക്കാം എന്നാണ് മണിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.

‘ദല്‍ഹിയില്‍ വിമര്‍ശനം പാര്‍ലമെന്റ് ഗേറ്റിന് പുറത്താണ്.
ഇവിടെ വിമര്‍ശനം ആവാം. എനിക്ക് നിങ്ങളെയും നിങ്ങള്‍ക്ക് എന്നെയും വിമര്‍ശിക്കാം,’ എം.എം. മണി എഴുതി.

അതേസമയം, നിയമസഭയില്‍ വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും പരാമര്‍ശങ്ങളില്‍ ഖേദപ്രകടനം നടത്തില്ലെന്നും എം.എം. മണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു മണിയുടെ ഈ പ്രതികരണം. കെ.കെ. രമയെ മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെന്നും മണി ആരോപിച്ചു.

‘പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ അവരോട് മോശമായി പെരുമാറിയിട്ടില്ല. അവര്‍ രാവിലെ മുതല്‍ നിയമസഭയില്‍ ഇല്ലായിരുന്നു. വൈകുന്നേരമാണ് അവര്‍ വന്നത്. ഞാന്‍ പറയേണ്ട കാര്യങ്ങള്‍ പറയും.

ആരുടെ അടുത്താണെങ്കിലും പറയും, അത് നിയമസഭയിലാണെങ്കിലും. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്. രമയെ മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിത്. അത് അവര്‍ മനസിലാക്കണം,’ മണി പറഞ്ഞു.