തിരുവനന്തപുരം: സി.പി.ഐ.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയോഷന്‍ സംസ്ഥാന നേതാവുമായ സുജ ചന്ദ്ര ബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു.
അംഗത്വം നല്‍കിയതായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചു.
തെക്കന്‍ കേരളത്തില്‍ പൊതുവേ കണ്ട് കൊണ്ടിരിക്കുന്ന പ്രതിഭാസമാണിതെന്നും ലീഗിന്റെ സാമൂഹിക സഹവര്‍ത്തിത്വവും മതേരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ച്ചയില്ലാത്ത സമീപനങ്ങളും കണ്ട് കൊണ്ടാണ് ആളുകള്‍ ലീഗിലേക്ക് കടന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകണം, അധികാരം മാറേണ്ടതുണ്ട്, ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരേണ്ടതുണ്ട് എന്നൊക്കെയുള്ള ചിന്തയുടെ അടിസ്ഥാനത്തിലാണ് സുജ ലീഗിലേക്ക് വന്നിട്ടുള്ളത്. അവരെ ഹാര്‍ദവമായി പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നു,’ സാദിഖ് അലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
സി.പി.ഐ.എമ്മിന്റെ ഉയര്‍ന്ന മതനിരപേക്ഷതയും അതില്‍ ഊന്നി നിന്ന് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം കണ്ട് കൊണ്ടാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്തായി സി.പി.ഐ.എം ലീഗിന് മേല്‍ വര്‍ഗീയത അടിച്ചേല്‍പ്പിച്ച് വോട്ടിന് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിലപാട് മാറ്റിയെന്നും
ഐഷാ പോറ്റി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ഈ കാരണങ്ങള്‍ ഒക്കെ കൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ടതെന്നും സുജ പറഞ്ഞു.
മൂന്ന് തവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൊല്ലത്ത് ഐഷാ പോറ്റിക്ക് പിന്നാലെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ നേതാവാണ് സുജ.
സി.പി.ഐ.എം നേതാവും മുന്‍ കൊട്ടാരക്കര എം.എല്‍.എയുമായ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൊല്ലം ജില്ലയിലെ സി.പി.ഐ.എമ്മിന്റെ പ്രധാന നേതാവായിരുന്ന ഐഷാ പോറ്റി കുറച്ച് നാളുകളായി പാര്‍ട്ടിയുമായി അകന്നുകഴിയുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സമരവേദിയിലെത്തിയാണ് ഐഷാ പോറ്റി പാര്‍ട്ടിയുടെ ഭാഗമയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ക്കൊപ്പമാണ് ഐഷാ പോറ്റി സമരവേദിയിലെത്തിയത്.
2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്നും ഐഷാ പോറ്റി മത്സരിച്ചേക്കും. നേരത്തെ യു.ഡി.എഫ് നേതാക്കള്‍ ഐഷാ പോറ്റിയുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സി.പി.ഐ.എമ്മില്‍ ടേം വ്യവസ്ഥ കര്‍ശനമാക്കിയതോടെയാണ് 2021ല്‍ ഐഷാ പോറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടത്. ശേഷം ഏറെ കാലം ആക്ടീവ് പൊളിറ്റിക്സില്‍ നിന്നും അവര്‍ പിന്‍വാങ്ങിയിരുന്നു.
കൊട്ടാരക്കരയിലെ പാര്‍ട്ടി ഏരിയയില്‍ നിന്ന് കമ്മിറ്റിയില്‍ നിന്ന് ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ആവാതെ തനിക്ക് പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയില്ല, ഓടിനടന്ന് ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെ എന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞത്.
Content Highlight: CPI(M) leader joins the League; Sadiq Ali Shihab Thangal granted membership
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.