'പോറ്റിയേ' പാരഡി പാട്ടിനെ വര്‍ഗീയ വിഷയമാക്കുക എന്ന കൈവിട്ട കളിയാണ് സി.പി.ഐ.എം കളിക്കുന്നത്; കാണാതിരിക്കാനാവില്ല: വി.ടി. ബല്‍റാം
Kerala
'പോറ്റിയേ' പാരഡി പാട്ടിനെ വര്‍ഗീയ വിഷയമാക്കുക എന്ന കൈവിട്ട കളിയാണ് സി.പി.ഐ.എം കളിക്കുന്നത്; കാണാതിരിക്കാനാവില്ല: വി.ടി. ബല്‍റാം
അനിത സി
Tuesday, 16th December 2025, 11:19 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറെ വിവാദമുണ്ടാക്കിയ പാരഡി ഗാനമായ പോറ്റിയേ കേറ്റിയേ ഗാനത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്ന സി.പി.ഐ.എമ്മിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

‘പോറ്റിയേ’ പാരഡി പാട്ടില്‍ അപകടകരമായ ചര്‍ച്ചകളിലേക്കാണ് സി.പി.ഐ.എം വഴിതുറക്കുന്നതെന്ന് വി.ടി. ബല്‍റാം ഫേസബുക്കിലൂടെ വിമര്‍ശിച്ചു.

പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പേരുവിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സി.പി.ഐ.എം മുതിര്‍ന്നതെന്നും അക്കാര്യം കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനെ ഒരു വര്‍ഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സി.പി.ഐ.എം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സമനില തെറ്റിയ സി.പി.ഐ.എം ഇക്കാര്യത്തില്‍ കൈവിട്ട കളിയാണ് കളിക്കുന്നതെന്നും ജാഗ്രത പുലര്‍ത്തേണ്ടത് കേരളമാണെന്നും വി.ടി. ബല്‍റാം പ്രതികരിച്ചു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് എല്‍.ഡി.എഫിനുണ്ടായത്. വോട്ട് ശതമാനത്തില്‍ കുറവുണ്ടായില്ലെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തില്‍ കുറവുണ്ടായത് സി.പി.ഐ.എം അന്വേഷിക്കാനുള്ള നീക്കത്തിലാണ്.

ഇതിനിടെയാണ് സോഷ്യല്‍മീഡിയയിലടക്കം വൈറലായ എല്‍.ഡി.എഫിന് എതിരായ പാരഡി ഗാനമാണ് തിരിച്ചടിയുണ്ടാക്കിയതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായത്. കോണ്‍ഗ്രസ് നേതൃതമടക്കം ഗാനമേറ്റെടുത്തതോടെ വലിയ ചര്‍ച്ചകളും ഗാനത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നിരുന്നു. യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ വെച്ച് ഈ ഗാനം ആലപിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഖത്തറില്‍ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയുടെ തൂലികയില്‍ നിന്നാണ് അയ്യപ്പഭക്തി ഗാനത്തിന്റെ പാരഡിയായ ‘പോറ്റിയെ കേറ്റിയെ’ പിറന്നത്. ശബരിമല സ്വര്‍ണപാളി വിഷയം അടിസ്ഥാനമാക്കിയാണ് ഈ ഗാനമെഴുതിയിരിക്കുന്നത്.

ഖത്തറില്‍ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുക്കുകയും പിന്നീട് ഡാനിഷ് എന്ന ഗായകന്‍ ഇത് ആലപിക്കുകയുമായിരുന്നു. സി.എം.എസ് മീഡിയ ഉടമ സുബൈര്‍ പന്തല്ലൂര്‍ പാരഡി ഗാനം പുറത്തിറക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേദികളിലെല്ലാം പ്രതിപക്ഷം ഈ ഗാനം പ്രചാരണ ആയുധമാക്കിയത്. നാസര്‍ കൂട്ടിലങ്ങാടിയാണ് പാട്ട് ഡബ്ബ് ചെയ്തത്.

അതേസമയം, ഈ ഗാനത്തിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

Content Highlight: CPI(M) is trying to turning the ‘Pottiye Kettiye’ parody song into a communal issue; it cannot be ignored: VT Balram

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍