ആര്‍.എസ്.എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായ യുവാവിന്റെ ആത്മഹത്യ: പൊലീസില്‍ പരാതി നല്‍കി സി.പി.ഐ.എം
Kerala
ആര്‍.എസ്.എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായ യുവാവിന്റെ ആത്മഹത്യ: പൊലീസില്‍ പരാതി നല്‍കി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th October 2025, 12:31 pm

കോട്ടയം: ആര്‍.എസ്.എസ് ശാഖയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ സി.പി.ഐ.എം ഡി.വൈ.എഫ്.ഐയും പൊലീസില്‍ പരാതി നല്‍കി. കോട്ടയം എലിക്കുളം സ്വദേശി അനന്തു സജിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

സി.പി.ഐ.എം എലിക്കുളം ലോക്കല്‍ കമ്മിറ്റി പൊന്‍കുന്നം പൊലീസിനും, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിക്കുമാണ് പരാതി നല്‍കിയത്.

ആര്‍.എസ്.എസ് ശാഖയില്‍ നടക്കുന്ന പീഡനങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും അനന്തു സജിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. അനന്തു നേരിട്ട പീഡനങ്ങള്‍ അത്രത്തോളം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പരാതിയില്‍ സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞ വ്യാഴായ്ചയാണ് യുവാവ് ആര്‍.എസ്.എസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്. തമ്പാനൂരിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാരാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്‍.എസ്.എസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ അടങ്ങിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഷെഡ്യൂള്‍ ചെയ്ത് വെച്ച നിലയിലായിരുന്നു പോസ്റ്റ്.

നാല് വയസ് മുതല്‍ ആര്‍.എസ്.എസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇത് വിഷാദ രോഗത്തിലേക്ക് അടക്കം നയിച്ചുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. പല സമയത്തും പാനിക്ക് അറ്റാക്ക് ഉണ്ടായിട്ടുണ്ടെന്നും മരിച്ചുപോകുന്ന അവസ്ഥയാണ് അതെന്നും യുവാവ് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി തെറാപ്പി എടുക്കുന്നുണ്ടെന്നും യുവാവ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

പല തവണ ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നും കുറിപ്പിലുണ്ട്. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും ആര്‍.എസ്.എസ് ക്യാമ്പില്‍ വെച്ചാണ് താന്‍ ഈ അതിക്രമങ്ങളെല്ലാം നേരിട്ടതെന്നും യുവാവ് പറയുന്നു. നിരവധി ആളുകള്‍ ഇത്തരത്തില്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ആരോപണമുണ്ട്. വീടിന് സമീപത്തുള്ള വ്യക്തിയാണ് തന്നെ അക്രമിച്ചിരുന്നതെന്നും യുവാവ് പറയുന്നുണ്ട്.

‘എനിക്ക് ഇത്രയും വെറുപ്പുള്ള ഒരു സംഘടന വേറെയില്ല. ഞാന്‍ അതില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ചതുകൊണ്ട് അറിയാം. ലൈഫില്‍ ഒരിക്കലും ഒരു ആര്‍.എസ്.എസുകാരനെ സുഹൃത്താക്കരുത്. ആര്‍.എസ്.എസുകാരായ അച്ഛനോ സഹോദരനോ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവരെയും നിങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണം,’ കുറിപ്പിലെ വാക്കുകള്‍.

തന്റെ അമ്മയോടും സഹോദരിയോടും മാപ്പ് പറഞ്ഞുകൊണ്ടാണ് യുവാവ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നിലവില്‍ യുവാവിന്റെ ആത്മഹത്യയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Content Highlight: CPI(M) files police complaint over boy suicide after being sexually assaulted at RSS branch