ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ അഭാവത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം. ഇത് രണ്ടാം തവണയാണ് ഇത്രയും സുപ്രാധാന സാഹചര്യത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി വിട്ട് നില്‍ക്കുന്നതെന്ന് സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി.
അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സര്‍വക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്നും പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം നടത്തണമെന്നും ജോണ്‍ ബ്രിട്ടാസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ സിന്ദൂര്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ നേടിയെടുത്തു എന്ന് സര്‍ക്കാര്‍ പറയുമ്പോഴും മുന്‍കാല അനുഭവം കണക്കിലെടുക്കുമ്പോള്‍, ഇത്തരം സൈനിക നടപടിയിലൂടെ തീവ്രവാദ ഗ്രൂപ്പുകളുടെ ലക്ഷ്യം ഇല്ലാതാക്കാന്‍ കഴിയുമോയെന്ന കാര്യം സംശയാസ്പദമാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. അതിനാല്‍ സര്‍ക്കാര്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരണമെന്നും തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. സ്ഥിതി കൂടുതല്‍ വഷളാകുന്നില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും നിലവിലെ സാഹചര്യം കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം സംബന്ധിച്ച എല്ലാ വസ്തുതകളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും എല്ലാതരം തെറ്റായ വിവരങ്ങളുടെ പ്രചാരണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും ബ്രിട്ടാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്വേഷത്തിന്റെ വ്യാപനം തടയേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഭീകരതയ്ക്ക് മതമില്ലെന്ന കാര്യവും യോഗത്തില്‍ ബ്രിട്ടാസ് ഊന്നിപ്പറഞ്ഞു. വിദ്വേഷത്തിന്റെ വ്യാപനത്തിനെതിരെ പോരാടാതെ ഭീകരതയ്ക്കെതിരായ യുദ്ധം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ഭീകരാക്രമണമുണ്ടായിട്ടും, ഭീകരതയെ കാരുണ്യത്തോടെ ഒറ്റക്കെട്ടായി നേരിട്ട് രാജ്യത്തിന് മുഴുവന്‍ മാതൃക കാണിച്ച പഹല്‍ഗാമിലെയും കശ്മീരിലെയും ജനങ്ങളെ യോഗത്തില്‍ ബ്രിട്ടാസ് പ്രശംസിച്ചു. കശ്മീരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍, ഉചിതമായ സമയത്ത് ഒരു സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് അധ്യക്ഷത വഹിച്ചത്. നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ ഇതുവരേയും അവസാനിച്ചിട്ടില്ലെന്നും ഇനിയും തുടരുമെന്നും യോഗത്തില്‍ കേന്ദ്രം അറിയിച്ചിരുന്നു.
യോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യ മന്ത്രി ജെ.പി. നദ്ദ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പകരം പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തില്‍ വായിക്കുകയാണുണ്ടായത്.
Content Highlight: CPI(M) criticizes Prime Minister for not attending all-party meeting