വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമില്ല, ലക്ഷ്യമിടുന്നത് വിശ്വസനീയമായ പോര്‍ട്ടലുകളെ; ദി വയറിനെതിരായ വിലക്കില്‍ സി.പി.ഐ.എം
national news
വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമില്ല, ലക്ഷ്യമിടുന്നത് വിശ്വസനീയമായ പോര്‍ട്ടലുകളെ; ദി വയറിനെതിരായ വിലക്കില്‍ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 3:44 pm

ന്യൂദല്‍ഹി: ദി വയറിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ അപലപിച്ച് സി.പി.ഐ.എം. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ ആക്രമണത്തെ തങ്ങള്‍ അപലപിക്കുന്നതായി സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ടി.വി ചാനലുകളെ ഒരു മുന്നറിയിപ്പും നല്‍കാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ലജ്ജാകരമാണെന്നും സി.പി.ഐ.എം പറഞ്ഞു.

എന്നാല്‍ ദി വയര്‍ പോലുള്ള വിശ്വസനീയമായ വാര്‍ത്താ പോര്‍ട്ടലുകളാണ് ലക്ഷ്യം വെക്കപ്പെടുന്നതെന്നും സി.പി.ഐ.എം കേന്ദ്ര നേതൃത്വം പ്രതികരിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദി വയറിന്റെ വെബ്സൈറ്റിലേക്കുള്ള പ്രവേശനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദി വയര്‍ തന്നെയാണ് പുറത്തുവിട്ടത്.

2000ലെ ഐ.ടി ആക്ട് പ്രകാരമുള്ള ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ചാണ് നടപടിയെടുത്തതെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ അറിയിച്ചതായും ദി വയര്‍ പറഞ്ഞു.

എന്നാല്‍ ഈ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്നും വയര്‍ ചൂണ്ടിക്കാട്ടി.

നഗ്നമായ ഈ സെന്‍സര്‍ഷിപ്പ് നടപടിയില്‍ തങ്ങള്‍ പ്രതിഷേധിക്കുന്നുവെന്നും ദി വയര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏകപക്ഷീയവും വിശദീകരിക്കാനാകാത്തതുമായ ഈ നീക്കത്തെ വെല്ലുവിളിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മാധ്യമ സ്ഥാപനം അറിയിച്ചിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി വായനക്കാര്‍ തങ്ങളോടൊപ്പമുണ്ട്. ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ എല്ലാ വായനക്കാരിലേക്കും സത്യവും കൃത്യവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് സ്ഥാപനം പിന്തിരിയുകയില്ലെന്നും ദി വയര്‍ പറയുന്നു.

നിലവില്‍ സി.പി.ഐ.എമ്മിന് പുറമെ നിരവധി ആളുകളും സംഘടനകളും വ്യക്തികളും ദി വയറിനെതിരായ നടപടിയില്‍ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. ദേശവിരുദ്ധ പ്രചരണങ്ങള്‍ ഓണ്‍ലൈനില്‍ നിരീക്ഷിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വേഗത്തില്‍ നടപടിയെടുക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് വയറിനെതിരായ കേന്ദ്രത്തിന്റെ നടപടി.

Content Highlight: CPI(M) condemns central government’s action against The Wire