എന്‍.ഇ.പിയില്‍ സി.പി.ഐ.എമ്മിനും സി.പി.ഐക്കും ഒരേ നിലപാട്; ആര്‍.എസ്.എസ് അജണ്ടക്കെതിരായ പ്രതിരോധം തുടരും; എം.എ. ബേബിയും ഡി. രാജയും
Kerala
എന്‍.ഇ.പിയില്‍ സി.പി.ഐ.എമ്മിനും സി.പി.ഐക്കും ഒരേ നിലപാട്; ആര്‍.എസ്.എസ് അജണ്ടക്കെതിരായ പ്രതിരോധം തുടരും; എം.എ. ബേബിയും ഡി. രാജയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th October 2025, 3:50 pm

ന്യൂദല്‍ഹി: ദല്‍ഹി എ.കെ.ജി ഭവനിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് സി.പി.ഐ.എം, സി.പി.ഐ ജനറല്‍ സെക്രട്ടറിമാരായ എം.എ. ബേബിയും സെക്രട്ടറി ഡി. രാജയും.

സി.പി.ഐ.എമ്മും സി.പി.ഐയും ഒരുപോലെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നതായി ഡി. രാജ പറഞ്ഞു. കാരണം എന്‍.ഇ.പിയിലുള്ളത് ആര്‍.എസ്.എസിന്റെ അജണ്ടകളാണെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.

എന്‍.ഇ.പി വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്ന ഒന്നാണെന്നും ഡി. രാജ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തെ കേന്ദ്രവത്കരിക്കുകയും വര്‍ഗീയവത്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദേശീയ വിദ്യാഭ്യാസ നയത്തെ തങ്ങള്‍ എതിര്‍ക്കുന്നു. നിലവിലെ പ്രശ്‌നങ്ങളില്‍ ചര്‍ച്ച തുടരുമെന്നും ഡി. രാജ പറഞ്ഞു.

കേരള സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചതില്‍ സി.പി.ഐയുടെയും സി.പി.ഐ.എമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നും അന്തിമ തീരുമാനത്തിലെത്തുമെന്നും ഡി. രാജ കൂട്ടിച്ചേര്‍ത്തു. പരിഹാരം കണ്ടെത്താന്‍ രണ്ട് പാര്‍ട്ടിയും ശ്രമിക്കും. ഇരു പാർട്ടികളും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍ സി.പി.ഐയുടെയും സി.പി.ഐ.എമ്മിന്റെയും കേരള നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്ന് എം.എ. ബേബിയും അറിയിച്ചു. രമ്യമായ പരിഹാരം കണ്ടെത്താന്‍ സംസ്ഥാന നേതൃത്വത്തെ സഹായിക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വങ്ങളാണെന്നും എം.എ ബേബി പറഞ്ഞു.

കൂടിക്കാഴ്ചയില്‍, സി.പി.ഐ അവരുടെ നിലപാടുകള്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, വാണിജ്യവത്ക്കരണം, വര്‍ഗീയവത്ക്കരണം എന്നിവയില്‍ സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ഒരേ നിലപാടാണെന്നും എം.എ. ബേബി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും അനുവദിച്ചുകൂടാ. ഇതില്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രവത്ക്കരണം അടിയന്തരാവസ്ഥ കാലത്ത് ഉണ്ടായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 42 ബി ഭേദഗതിയിലൂടെയാണ് അത് സംഭവിച്ചതെന്നും എം.എ. ബേബി പറഞ്ഞു.

പി.എം ശ്രീയില്‍ പറയുന്ന പല കാര്യങ്ങളും കേരളത്തിലെ സര്‍ക്കാര്‍ ആദ്യമേ നിര്‍വഹിച്ചതാണ്. സ്മാര്‍ട്ട് ക്ലാസ്‌റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍. പക്ഷേ ഇതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

കൂടാതെ പി.എം ശ്രീ പദ്ധതി അടുത്ത വര്‍ഷത്തോടെ അവസാനിക്കാന്‍ പോകുകയാണ്. പദ്ധതിയില്‍ ഒപ്പുവെച്ചില്ലെന്ന കാരണത്താല്‍ സമഗ്ര ശിക്ഷ കേരള അടക്കമുള്ള വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞുവെക്കുകയായിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു.

ഇതിനെ കുറിച്ച് ആരും, കേരളത്തിലെ മാധ്യമങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നില്ലെന്നും എം.എ. ബേബി വിമര്‍ശിച്ചു.

Content Highlight: CPI-M and CPI have the same stand on NEP; M.A. Baby and D. Raja tell the media