സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇരട്ടകള്‍; ഇവര്‍ നടത്തിയ കൊള്ളയുടെ പട്ടിക അവസാനിക്കുന്നില്ല: രാജീവ് ചന്ദ്രശേഖര്‍
Kerala
സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇരട്ടകള്‍; ഇവര്‍ നടത്തിയ കൊള്ളയുടെ പട്ടിക അവസാനിക്കുന്നില്ല: രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2025, 9:23 pm

തിരുവനന്തപുരം: കോണ്‍ഗ്രസും സി.പി.ഐ.എമ്മും പതിറ്റാണ്ടുകളായി കേരളത്തിലെ പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

കൊള്ളയടിക്കുന്നതില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇരട്ടകളാണെന്നും ക്ഷേത്രങ്ങളെയും ദേവസ്വം ബോര്‍ഡുകളെയും ഇവര്‍ വെറുതെ വിടുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം.

‘പതിറ്റാണ്ടുകളായി കേരളത്തിലെ കോണ്‍ഗ്രസും സി.പി.ഐ.എമ്മും പാവപ്പെട്ടവരില്‍ നിന്നും വ്യവസായികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും, എസ്.സി/എസ്.ടി പദ്ധതികളില്‍ നിന്നും കൊള്ളയടിക്കുകയാണ്. ഈ കൊള്ളയുടെ പട്ടിക അവസാനിക്കുന്നില്ല. ക്ഷേത്രങ്ങളെയും ദേവസ്വം ബോര്‍ഡിനെയും പോലും അവര്‍ വെറുതെ വിടുന്നില്ല എന്നത് പൊറുക്കാന്‍ കഴിയില്ല. ഞാന്‍ വീണ്ടും പറയുന്നു, സി.പി.ഐ.എമ്മും ഇരട്ടകളാണ്,’ എന്നാണ് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചത്.

ഹൈന്ദവര്‍ക്കൊഴികെ മറ്റെല്ലാ മതസ്ഥര്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ അനുവാദമുണ്ടെന്നും ഹിന്ദുക്കളോട് മാത്രം എന്തിനാണ് ഈ വിവേചനമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിക്കുന്നു.

ശബരിമലയിലെ സ്വര്‍ണപാളിയുമായി ബന്ധപ്പെട്ട് ടൈംസ് അല്‍ജിബ്ര നല്‍കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

വ്യവസായിയായ വിജയ് മല്യ ശബരിമലയില്‍ സമര്‍പ്പിച്ച സ്വര്‍ണപാളിയുടെ സ്ഥാനത്ത് ചെമ്പ് പാളി സ്ഥാപിച്ചെന്നും പാളിയില്‍ 4.5 ഗ്രാം സ്വര്‍ണത്തിന്റെ കുറവുണ്ടെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്. ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, കോണ്‍ഗ്രസും ഇടതുപക്ഷവും ഹൈന്ദവ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് വിട്ടുകൊടുക്കുന്നതിനെ എതിര്‍ക്കുന്നതിന്റെയും സര്‍ക്കാര്‍ തന്നെ നിയന്ത്രിക്കണമെന്ന് പറയുന്നതിന്റേയും കാരണം വ്യക്തമായെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്.

ശബരിമലയില്‍ ഇത്തരത്തിലുള്ള കൊള്ളയാണ് നടക്കുന്നതെങ്കില്‍ ഇതുപോലുള്ള മറ്റ് ക്ഷേത്രങ്ങളിലും രാഷ്ട്രീയ അഴിമതികള്‍ നടക്കുന്നുണ്ടാകില്ലേയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിക്കുന്നു.

അതേസമയം സ്വര്‍ണപാളി വിവാദത്തില്‍ ഇടത് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്  രംഗത്തുണ്ട്. സ്വര്‍ണപാളി മോഷ്ടിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ഇടത് നേതാക്കളുടെ പ്രതികരണം.

Content Highlight: CPI(M) and Congress are twins; the list of loot committed by them is endless: Rajiv Chandrasekhar