ആശങ്കവര്‍ധിക്കുന്നു, രാജ്യത്ത് ഒറ്റദിവസം അമ്പതിനായിരം കടന്ന് പുതിയ കൊവിഡ് രോഗികള്‍; 2135 പേര്‍ക്ക് ഒമിക്രോണ്‍
Covid 19 India
ആശങ്കവര്‍ധിക്കുന്നു, രാജ്യത്ത് ഒറ്റദിവസം അമ്പതിനായിരം കടന്ന് പുതിയ കൊവിഡ് രോഗികള്‍; 2135 പേര്‍ക്ക് ഒമിക്രോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th January 2022, 7:52 am

ന്യൂദല്‍ഹി:രാജ്യത്ത് ആശങ്കയായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ബുധനാഴ്ചമാത്രം 58097 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച മാത്രം 37379 കേസുകളായിരുന്നു ഉണ്ടായിരുന്നത്.

രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 2,135 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരികരിച്ചിരിക്കുന്നത്. ഇതില്‍ 828 പേരുടെ അസുഖം ഭേദമായിട്ടുണ്ട്.

ബുധനാഴ്ച മാത്രം 534 പേരാണ് കൊവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 4,82,551 ആയി ഉയര്‍ന്നു.

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യുവും ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡില്‍ നിന്ന് രക്ഷനേടാനായി രാജ്യത്തുടനീളം വാക്‌സിനേഷന്‍ ഡ്രൈവുകള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

15-18 പ്രായപരിധിയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് വാക്‌സിനേഷന്‍ നല്‍കുന്നത്. ദല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദല്‍ഹിയില്‍ മാത്രം പ്രതിദിന കൊവിഡ് കേസുകള്‍ 10,000 കടന്നു. ഇതേതുടര്‍ന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ജീവനക്കാരുടെ മെഡിക്കല്‍ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കിയിട്ടുണ്ട്.

കേരളത്തില്‍ 49 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ കേസുകള്‍ 230 ആയി. കൂടുതല്‍ നിയന്ത്രണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും.

covid-19 virus Update in india, Fifty thousand new Covid patients in one day in the country; Omicron for 2135 people