കര്‍ഷകസമരമെന്ന ആഭാസത്തിന്റെ സമയത്ത് കുറച്ചാളുകളെ വെടിവെച്ചിരുന്നുവെങ്കില്‍ ഇത്തരം ആഭാസ നാടകങ്ങള്‍ ഇപ്പോള്‍ അരങ്ങേറില്ലായിരുന്നു; വിദ്വേഷ പരാമര്‍ശവുമായി ടി.ജി. മോഹന്‍ദാസ്
Kerala News
കര്‍ഷകസമരമെന്ന ആഭാസത്തിന്റെ സമയത്ത് കുറച്ചാളുകളെ വെടിവെച്ചിരുന്നുവെങ്കില്‍ ഇത്തരം ആഭാസ നാടകങ്ങള്‍ ഇപ്പോള്‍ അരങ്ങേറില്ലായിരുന്നു; വിദ്വേഷ പരാമര്‍ശവുമായി ടി.ജി. മോഹന്‍ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th January 2022, 9:16 pm

കൊച്ചി: പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞതില്‍ വിദ്വേഷ പരാമര്‍ശവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബിലെത്തിയ നരേന്ദ്ര മോദിയെ പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞുവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ടി.ജി. മോഹന്‍ദാസിന്റെ പ്രതികരണം.

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ പ്രതികരണമറിയിക്കുന്നത്.

ഇന്ത്യാ മഹാരാജ്യത്ത് നാളിതുവരെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും എന്നാല്‍ പഞ്ചാബിലെ കോണ്‍ഗ്രസ് ഇതിനെ ആഘോഷമാക്കുകയാണെന്നും മോഹന്‍ദാസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിരാശ മനസിലാവുന്നുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രിയെ കൊന്നിട്ട് വേണം ആ കസേരയില്‍ കയറിയിരിക്കാന്‍ എന്ന വാശിയാണെങ്കില്‍ അതിന് ഭാരതത്തിലെ ജനങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് പഞ്ചാബില്‍ പ്രതിഷേധിച്ചത് കര്‍ഷകരല്ല മറിച്ച് തീവ്രവാദികള്‍ തന്നെയാണെന്നും അദ്ദേഹം പറയുന്നു.

നേരത്തെ, കര്‍ഷകസമരം എന്ന പേരില്‍ നടത്തിയ ആഭാസത്തിന്റെ സമയത്ത് ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ കുറച്ചാളുകള്‍ക്ക് നേരെ വെടിവെച്ചിരുന്നുവെങ്കില്‍ ഇന്നിങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

TG Mohandas (@mohandastg) / Twitter

പ്രധാനമന്ത്രിയെ ശത്രുക്കള്‍ ഫാസിസ്റ്റ് എന്നാണ് വിളിക്കുന്നതെന്നും, എന്നാല്‍ ഇനി കുറച്ച് ഫാസിസം കാണിക്കാമെന്നും മോഹന്‍ദാസ് പറയുന്നു.

‘അദ്ദേഹത്തിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ ഫാസിസ്റ്റ് എന്നാണ് വിളിക്കുന്നത്, എന്നാല്‍ അദ്ദേഹത്തിന്റെ മിത്രങ്ങള്‍ക്കറിയാം അദ്ദേഹം ജനാധിപത്യ വാദിയാണ്. അദ്ദേഹം ഫാസിസ്റ്റ് ആയിരുന്നെങ്കില്‍ ഇപ്പറയുന്ന ആരും തന്നെ വാ തുറക്കില്ലായിരുവന്നു. ഏതായാലും ഫാസിസ്റ്റ് എന്ന പേരായില്ലേ, ഇതി കുറച്ച് ഫാസിസം ആവാം,’ മോഹന്‍ദാസ് വീഡിയോയില്‍ പറയുന്നു.

വെടിയുണ്ട കൊണ്ട് നേരിടേണ്ടതിനെ ചെയ്യേണ്ട സമയത്ത് നേരിടാത്തതിന്റെ പ്രശ്‌നമാണ് ഇത്തരത്തിലുള്ള അസംബന്ധനാടകങ്ങള്‍ അരങ്ങേറാന്‍ കാരണമെന്നും മോഹന്‍ദാസ് പറഞ്ഞു.

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കര്‍ഷകര്‍ തടഞ്ഞുവെക്കുകയായിരുന്നു.

പതിനഞ്ച് മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി.


മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ലഖ്നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ഫിറോസ്പൂരിലെ വേദിയിലേക്ക് നയിക്കുന്ന മൂന്ന് അപ്രോച്ച് റോഡുകള്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗങ്ങള്‍ തടഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RSS Theorist TG Mohandas hate speech about Farmers block Prime Minister Narendra Modi on road