കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍; വാക്‌സിന്‍ നല്‍കേണ്ടത് പത്ത് കോടിയോളം കുട്ടികള്‍ക്ക്
national news
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍; വാക്‌സിന്‍ നല്‍കേണ്ടത് പത്ത് കോടിയോളം കുട്ടികള്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd January 2022, 8:57 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ്-ഒമിക്രോണ്‍ ഭീതി തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും. 15 വയസ് മുതല്‍ 18 വയസ് വരെയുള്ള കൗമാരക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക.

ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘കൊവാക്‌സിന്‍’ മാത്രമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക. ജനസംഖ്യാ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആവശ്യമായ വാക്‌സിന്‍ ഡോസുകളും കുട്ടികള്‍ക്കാവശ്യമായ അധികഡോസുകളും എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

3,15,416 കുട്ടികളാണ് ഇതുവരെ വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് കൊവിന്‍ പോര്‍ട്ടല്‍ വ്യക്തമാക്കുന്നത്.

അര്‍ഹതയുള്ള എല്ലാ കുട്ടികളും വാക്‌സിന്‍ സ്വീകരിക്കണമെന്നും, മാതാപിതാക്കള്‍ കുട്ടികളുടെ വാക്‌സിനേഷന്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ‘കുട്ടികളുടെ ആരോഗ്യം അതീവ പ്രധാനമാണെന്നും, കുട്ടികള്‍ സുരക്ഷിതരായാലേ നാടിന്റെ ഭാവിയും സുരക്ഷിതമാവൂ,’ എന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

2007നോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

2021 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

രാജ്യത്തെ വാക്‌സിനേഷന്‍ വിതരണത്തിലെ പ്രധാന ചുവടുവെയ്പ്പായാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം എന്നാണ് പ്രധാനമന്ത്രി ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്.

കുട്ടികള്‍ക്ക് പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മൂന്നാം ഡോസ് വാക്‌സിനും വിതരണം ചെയ്യുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് എന്ന പേര് പറയാതെ പ്രിക്കോഷണറി ഡോസ് എന്ന പേരാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഒമിക്രോണ്‍ അടക്കം പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍കരുതലെന്നോണം ഒരു ഡോസ് വാക്സിന്‍ കൂടി നല്‍കുന്നത്. ജനുവരി 10 മുതലാണ് ഇവര്‍ക്ക് പിക്കോഷണറി ഡോസ് നല്‍കുക.

ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ അറുപത് വയസ് കഴിഞ്ഞ ഗുരുതര രോഗമുള്ളവര്‍ക്കും ഇത്തരത്തില്‍ പ്രിക്കോഷണറി ഡോസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഡോക്ടര്‍മാരുടെ ശിപാര്‍ശ പ്രകാരമായിരിക്കും ഇത്തരത്തില്‍ പ്രിക്കോഷണറി ഡോസ് ഇവര്‍ക്ക് നല്‍കുക.

അതേസമയം, രാജ്യത്ത് കൊവിഡ് പിടിവിടാത്ത സാഹചര്യമാണ് നിലവിലുള്ളത്. 22,775 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1,04,781 രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.

കൊവിഡിന് പുറമെ ഒമിക്രോണും ഭീതി പടര്‍ത്തുണ്ട്. 1431 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്താകമാനം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 488 രോഗികള്‍ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കൊവിന്‍ പോര്‍ട്ടല്‍ പ്രകാരം രാജ്യത്ത് ഇതുവരെ 145.46 കോടി ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Covid-19: Vaccination of children aged between 15 and 18 begins today