ഗുജറാത്ത് കലാപക്കേസ്: ടീസ്തയുടെയും, ശ്രീകുമാറിന്റെയും ജാമ്യ ഹരജികള്‍ നാളെ പരിഗണിക്കും
national news
ഗുജറാത്ത് കലാപക്കേസ്: ടീസ്തയുടെയും, ശ്രീകുമാറിന്റെയും ജാമ്യ ഹരജികള്‍ നാളെ പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 7:35 am

ന്യൂദല്‍ഹി: ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന്റെയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിന്റെയും ജാമ്യ ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് നീട്ടി. ഗുജറാത്ത് അഡീഷണല്‍ പ്രിന്‍സിപ്പല്‍ കോടതിയായിരിക്കും ഹരജി പരിഗണിക്കുക. ഉത്തരവ് പൂര്‍ണമായി തയ്യാറാകാത്തതിനാലാണ് ഹരജി പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജി ഡി.ഡി. ഠാക്കൂര്‍ പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു ഹരജിയില്‍ വിധി പറയാന്‍ നേരത്തെ കോടതി നിശ്ചയിച്ചിരുന്നത്.

2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയതിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും അന്ന് ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെന്നും ചൂണ്ടികാണിച്ചായിരുന്നു ഇരുവരുടേയും അറസ്റ്റ്.

കേസില്‍ ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പലന്‍പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഭട്ടിനെ ട്രാന്‍സ്ഫര്‍ വാറണ്ട് വഴിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ പ്രധാനമന്ത്രിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദിയ്ക്ക് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍ തുടങ്ങിയവരുടെ അറസ്റ്റ്.

ക്ലീന്‍ ചിറ്റ് നല്‍കിയ വിധി വന്നതിന് പിന്നാലെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹരജി കോടതി തള്ളുകയായിരുന്നു. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഹരജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി ബെഞ്ചിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആര്‍.ബി. ശ്രീകുമാര്‍ അസംതൃപ്തനായ പൊലീസ് ഉദ്യോഗസ്ഥനാണെന്നും
കലാപത്തില്‍ നിരപരാധികളായവരെ പ്രതിസ്ഥാനത്താക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നും എസ്.ഐ.ടി ആരോപിച്ചിരുന്നു. ആര്‍.ബി. ശ്രീകുമാര്‍ സമര്‍പ്പിച്ച ജാമ്യഹരജിക്കെതിരെയായിരുന്നു സംഘത്തിന്റെ സത്യവാങ്മൂലം.

സംസ്ഥാനത്തെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥ സംവിധാനങ്ങളേയും ദുരുദ്ദേശത്തോടെയാണ് ആര്‍.ബി. ശ്രീകുമാര്‍ നേരിട്ടതെന്നും അവരെ അപകീര്‍ത്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

ശ്രീകുമാറും സംഘവും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നും ടീസ്തയ്ക്കും സ്ഞ്ജീവ് ഭട്ടിനും വിഷയത്തില്‍ പങ്കാളിത്തമുണ്ടെന്നും, ഗോധ്രയില്‍ ട്രെയിനിന് തീയിട്ട സംഭവമുണ്ടായ 2002 ഫെബ്രുവരി 27നുശേഷമുള്ള ദിനങ്ങളില്‍തന്നെ ശ്രീകുമാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി തുടങ്ങിയെന്നും എസ്.ഐ.ടി ആരോപിച്ചു. ഇതിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉപദേശകനും അന്ന് എം.പിയുമായിരുന്ന അഹ്മദ് പട്ടേലിന്റെ നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് ലഭിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Content Highlights: Court will hear the bail pleas of Teesta Setalvad and RB sreekumar in Gujarat Riot cases