'ആരോഗ്യരംഗത്ത് ക്യൂബ കേരളവുമായി സഹകരിക്കും': ക്യൂബന്‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala News
'ആരോഗ്യരംഗത്ത് ക്യൂബ കേരളവുമായി സഹകരിക്കും': ക്യൂബന്‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2022, 6:23 pm

തിരുവനന്തപുരം: ക്യൂബന്‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ മേഖലയിലെ സഹകരണത്തില്‍ ക്യൂബക്ക് വലിയ അനുഭവ സമ്പത്തുണ്ടെന്ന് ക്യൂബന്‍ അംബാസിഡര്‍ പറഞ്ഞു. ചെഗുവേരയുടെ കാലം മുതലുള്ളതാണതെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.

ജനറല്‍ മെഡിസിന്‍, സ്പെഷ്യാലിറ്റി മെഡിസിന്‍ എന്നീ രംഗങ്ങളില്‍ കേരളവുമായി സഹകരിക്കാനാകും. മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകളുമുണ്ട്. ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെ പറ്റിയുള്ള ചര്‍ച്ചയും നടന്നു. ഇക്കാര്യത്തില്‍ കൂട്ടായ ഗവേഷണത്തിനുള്ള ചര്‍ച്ചയും നടന്നു.

”കായിക മേഖലയില്‍ സഹകരണത്തിന് വലിയ സാധ്യതകളാണുള്ളത്. നമ്മുടെ കായികതാരങ്ങളെ ക്യൂബന്‍ കോച്ചുകള്‍ പഠിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. ആരോഗ്യം, ശാസ്ത്രസാങ്കേതിക രംഗം ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി എന്തൊക്കെ സഹകരണം സാധ്യമാകുമെന്ന് കണ്ടെത്തും.’ മുഖ്യമന്ത്രി അറിയിച്ചു.

ദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് നയങ്ങള്‍ പ്രായോഗികമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ അംബാസഡര്‍ അഭിനന്ദിച്ചു. കേരളത്തില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് അംബാസിഡര്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, ദല്‍ഹിയിലെ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായും ക്യൂബന്‍ അംബാസഡര്‍ അലജാന്ദ്രോ സിമന്‍കാസ് മാരിന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അംബാസഡര്‍ അഭിനന്ദിച്ചു.

കൊവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബാസഡര്‍ വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായിച്ചത്. കേരളത്തിലും പ്രാഥമികാരോഗ്യ തലം ശക്തമാണ്.
കൊവിഡ്, നിപ തുടങ്ങിയ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായത് ഇത്തരം ആരോഗ്യ അടിത്തറയാണ്. ആരോഗ്യ രംഗത്ത് സഹകരിക്കാന്‍ പറ്റുന്ന മേഖലയില്‍ സഹകരിക്കുന്നതാണ്. കുടുംബ ഡോക്ടര്‍ പദ്ധതി, റഫറല്‍ സംവിധാനങ്ങള്‍, വാക്സിന്‍, മരുന്ന് ഉത്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹകരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

കൊവിഡ്, നിപ, മങ്കിപോക്സ് തുടങ്ങിയ പകര്‍ച്ചവ്യാധികളെ കേരളം പ്രതിരോധിക്കുന്ന വിധം മന്ത്രി വീണാ ജോര്‍ജ് വിവരിച്ചു. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ത്രിതല സംവിധാനത്തിലൂടെയാണ് ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നത്.

ഫീല്‍ഡ് തല പ്രവര്‍ത്തകര്‍ മുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എപ്പോഴും കര്‍മ്മനിരതരായി ആരോഗ്യ മേഖലയ്ക്ക് ഒപ്പം തന്നെയുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

Content Highlight: Cuba Ambassador Alejandro Simancas Marin met Chief Minister Pinarayi Vijayan