കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ ഒന്നും രണ്ടും പ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ശിക്ഷ പിന്നീട് വിധിക്കും.
ആകെ ഏഴു പ്രതികളാണ് കേസിലുള്ളത്. ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, നടുപുത്തലത്ത് റഫീഖ്, സാദിഖ് ടി.വി.സി, മുഹമ്മദ് സി.കെ, സാബിത്ത് എന്നിവരാണ് മറ്റു പ്രതികള്‍.
ഒന്നും രണ്ടും പ്രതികളെ രക്ഷപ്പെടുത്തല്‍, അവര്‍ക്ക് സഹായം ചെയ്തു നല്‍കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
ആക്രമിക്കപ്പെടുന്ന സമയത്ത് നസീറുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന അബ്ദുല്‍ റഊഫാണ് കേസിലെ പ്രധാന ദൃക്‌സാക്ഷി. നസീറുദ്ദീനെ ലീഗുകാര്‍ വലിയ ആളുകളാവുകയാണോയെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കപ്പച്ചേരി ബഷീര്‍ നസീറിന്റെ നെഞ്ചിലും മുതുകിലും മറ്റു ഭാഗങ്ങളിലും കുത്തുകയുമായിരുന്നുവെന്നാണ് റഊഫ് മൊഴി നല്‍കിയത്.
പ്രതികളെ റഊഫ് തിരിച്ചറിഞ്ഞിരുന്നു. 83 സാക്ഷികളാണ് കേസിലുള്ളത്.
2016 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നസീറുദ്ദീനും റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും നസിറുദ്ദീനെ കൊലപ്പെടുത്തുകയുമായിരുന്നു.
