സംഘപരിവാറുമായി അഡ്ജസ്റ്റ്‌മെന്റ് നടത്തിയത് ഞങ്ങളല്ല; ബാബറി കാലത്ത് നരസിംഹറാവുവാണ്; പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി
Sabarimala
സംഘപരിവാറുമായി അഡ്ജസ്റ്റ്‌മെന്റ് നടത്തിയത് ഞങ്ങളല്ല; ബാബറി കാലത്ത് നരസിംഹറാവുവാണ്; പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2018, 12:22 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി. അഡ്ജസ്റ്റുമെന്റ് നടത്തിയത് തങ്ങളല്ല, ബാബറി കാലത്ത് പ്രധാനമന്ത്രിയായിരുന്ന ആളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ചില അഡ്ജസ്റ്റുമെന്റുകള്‍ ചിലര്‍ പറയുന്നുണ്ട്, ഈ സര്‍ക്കാര്‍ അത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തുന്ന സര്‍ക്കാറല്ല. ബാബറി മസ്ജിദ് പൊളിച്ച വേളയില്‍ പ്രധാനമന്ത്രിയായിരുന്ന ഒരാള്‍ അവിടെ ഇരുന്നുവല്ലോ, അതാണ് അഡ്ജസ്റ്റ്‌മെന്റ്. ആ പ്രധാനമന്ത്രി മിണ്ടാതിരുന്നു അതാണ് അഡ്ജസ്റ്റ്‌മെന്റ്. ഈ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകളൊന്നും ഉണ്ടാവില്ലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അയോധ്യയില്‍ സംഭവിച്ചതിന് തുല്യമായ കാര്യങ്ങളാണ് ഇവിടെയും നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമത്തിനു പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നു. അത്തരം ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘപരിവാര്‍ അവിടെ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. അവര്‍ നാമജപം നടത്തിയപ്പോള്‍ അത് ജനാധിപത്യപരമായ ഒരു പ്രതിഷേധമെന്ന രീതിയില്‍ സര്‍ക്കാര്‍ അതിനെതിരെ ഒരു നടപടിയുമെടുത്തില്ല. പക്ഷേ ആ പ്രതിഷേധത്തിന്റെ സ്വഭാവം മാറി. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. ശബരിമലയിലും സമീപപ്രദേശങ്ങളിലും സംഘര്‍ഷമുണ്ടാക്കാന്‍ രണ്ടുതവണ ശ്രമിച്ചു. തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോഴും ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോഴും ഇതുണ്ടായി. അപ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വന്നത്.

ഭക്തരുടെ മറവില്‍ ഭക്തരുടെ വേഷത്തില്‍ ചില അക്രമകാരികള്‍ അവിടെയെത്തി. കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. അതിനെയാണ് പൊലീസ് തടഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ട സ്ഥലമിതല്ല; ഇങ്ങനെയാണോ സഭ നടത്തേണ്ടത്; സ്പീക്കറെ ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ആചാരലംഘനമാണെന്ന് ആരോപിച്ചുള്ള പ്രക്ഷോഭത്തിന്റെ പേരില്‍ പരസ്യമായ ആചാരലംഘനം നടന്നു. രക്തമൊഴുക്കലും മൂത്രമൊഴിക്കലുമൊക്കെ പറഞ്ഞത് ഒരേ നേതാവു തന്നെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. എന്നുകരുതി എല്ലാ സ്ത്രീകളും അവിടേക്ക് കടന്നുവരണമെന്നല്ല സുപ്രീം കോടതി പറഞ്ഞത്. വിശ്വാസമുള്ളവര്‍ക്ക് അവിടേക്കു വരാമെന്നാണ് കോടതി പറഞ്ഞത്.

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ആ ബാധ്യത നിറവേറ്റുകയാണ് സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തരുടെ സൗകര്യത്തിനുവേണ്ടിയാണ് ശബരിമലയില്‍ പൊലീസ് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അത് ഫലം കണ്ടുവെന്ന് കണക്കുകളെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.