ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിധി ബലാത്സംഗക്കേസുകളിലെ നിയമഭേദഗതി പരിഗണിക്കാതെ
sexual assault
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിധി ബലാത്സംഗക്കേസുകളിലെ നിയമഭേദഗതി പരിഗണിക്കാതെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th January 2022, 12:39 pm

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത് ബലാത്സംഗക്കേസുകളിലെ നിയമഭേദഗതി പരിഗണിക്കാതെയെന്ന് ആക്ഷേപം.

2013ലായിരുന്നു ക്രിമിനല്‍ നിയമ ഭേദഗതി ആക്ട് പ്രകാരം ബലാത്സംഗ നിര്‍വചനത്തില്‍ മാറ്റം വരുത്തിയത്. പെനൈല്‍ പെനിട്രേഷന്‍ (Penile Penetration) നടന്നിട്ടില്ല എങ്കിലും ലൈംഗികാതിക്രമവും ചൂഷണവും റേപ് എന്ന കുറ്റകൃത്യത്തിന് കീഴില്‍ വരും എന്നാണ് 2013ലെ ഭേദഗതി പ്രകാരം പറയുന്നത്.

2013ന് മുന്‍പ്, ഉഭയകക്ഷി സമ്മതമില്ലാത്ത പെനിസ്-വജൈനല്‍ പെനിട്രേഷന്‍ (Peno-Vaginal Penetration) മാത്രമാണ് റേപ് (Rape) എന്ന നിര്‍വചനത്തിന് കീഴില്‍ വന്നിരുന്നത്.

എന്നാല്‍ 2012ലെ ദല്‍ഹി നിര്‍ഭയ കേസിന് ശേഷം, 2013ല്‍ ക്രിമിനല്‍ നിയമ ഭേദഗതി ആക്ട് (The Criminal Law Amendment Act) പാസാക്കുകയായിരുന്നു.

2013ലെ ഭേദഗതിയോട് കൂടി ഇന്ത്യന്‍ പീനല്‍ കോഡില്‍ ബലാത്സംഗത്തെ നിര്‍വചിച്ചിരിക്കുന്നതില്‍ മാറ്റം വന്നു. ഇതോടെ വജൈനല്‍ പെനിട്രേഷന് (Vaginal Penetration) പുറമെ, ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗത്തിന്റെ നിര്‍വചനത്തിന് കീഴില്‍ വരും.

ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന വ്യക്തി അത് ശാരീരികമായി ചെറുത്തിരുന്നില്ല എന്നത് ബലാത്സംഗം നടന്നു എന്ന് സ്ഥാപിക്കുന്നതിന് തടസമല്ലെന്നും ഭേദഗതിയില്‍ പറയുന്നുണ്ട്.

ഈ ഭേദഗതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് 289 പേജുള്ള വിധിന്യായത്തില്‍ കോടതി പറയുന്നത്.

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ജഡ്ജി ജി. ഗോപകുമാര്‍ പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.

നാല് വര്‍ഷത്തിനിടയില്‍ ബിഷപ്പ് തന്നെ 13 തവണ ബലാത്സംഗം ചെയ്തു, എന്ന അതിജീവിതയായ കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് തെളിയിക്കാന്‍ ചില വാദമുഖങ്ങള്‍ കോടതി മുന്നോട്ട് വെക്കുന്നുണ്ട്.

കന്യാസ്ത്രീയുടെ ആദ്യ പ്രസ്താവനയിലെ പരാതിയില്‍ ലൈംഗിക ചൂഷണത്തിന്റെ കാര്യം, പ്രത്യേകിച്ചും പെനൈല്‍ പെനിട്രേഷന്‍ (Penile Penetration) നടന്നു എന്ന കാര്യം പറയുന്നില്ല എന്നാണ് കോടതിയുടെ ഒരു നിരീക്ഷണം.

എന്നാല്‍, ഒരു കന്യാസ്ത്രീ എന്ന നിലയില്‍ ലൈംഗിക ചൂഷണത്തിന്റെ കാര്യം തുറന്നുപറയാന്‍ അതിജീവിത ആദ്യം വിമുഖത കാണിച്ചതാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞെങ്കിലും അത് കോടതി വിലക്കെടുത്തിട്ടില്ല എന്നാണ് വിധിന്യായത്തില്‍ നിന്നും വ്യക്തമാവുന്നത്.

ബലാത്സംഗം ചെയ്യപ്പെട്ട കാര്യം തന്റെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളുടെ മുന്നില്‍ വെച്ച് പറയാന്‍ അന്ന് പറ്റിയില്ലെന്ന അതിജീവിതയുടെ മൊഴിയും കോടതി പരിഗണിച്ചില്ല. ഇത് വിശ്വസനീയമായ മൊഴിയല്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

പെനൈല്‍ പെനിട്രേഷന്‍ (Penile Penetration) സംഭവിച്ചു എന്ന് തന്റെ പ്രസ്താവനയിലോ പരിശോധിച്ച ഡോക്ടറോടോ അതിജീവിത പറഞ്ഞില്ല എന്നത് ‘വലിയ പിഴവാ’യാണ് ഈ 2022ലും കോടതി നിരീക്ഷിക്കുന്നത്.

പീഡനക്കേസുകളുടെ വിചാരണയിലും വിധി പ്രസ്താവന നടത്തുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന നിയമമാറ്റങ്ങള്‍ പോലും ഈ കേസ് പരിഗണിക്കവെ കോടതി കണക്കിലെടുത്തില്ല എന്നതാണ് പെനൈല്‍ പെനിട്രേഷനെക്കുറിച്ച് പറയുന്ന ഈ ഭാഗത്തിലൂടെ വ്യക്തമാവുന്നത്.

”13 തവണ ലൈംഗികമായി ചൂഷണം ചെയ്തതിനെക്കുറിച്ച്, ബലാത്സംഗം ചെയ്തതിനെക്കുറിച്ച് ഡോക്ടറോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പെനൈല്‍ പെനിട്രേഷന്‍ നടന്നു എന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ല,” എന്നായിരുന്നു ഡോക്ടറുടെ ക്രോസ് എക്‌സാമിനേഷനെയും മെഡിക്കല്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളെയും ഉദ്ദരിച്ച് കോടതി പറഞ്ഞത്.

വിധിപ്രസ്താവത്തിലെ രണ്ട് സ്ഥലങ്ങളില്‍ കന്യാസ്ത്രീയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുമുണ്ട്.

”തലേദിവസം രാത്രിയില്‍ ബലാത്സംഗത്തിന് ഇരയായി എന്ന് പറയുമ്പോഴും പ്രതിക്കൊപ്പം കന്യാസ്ത്രീ കോണ്‍വെന്റിലേക്ക് തിരിച്ച് പോകുന്നുണ്ട്.

ഇവരുടെ മൊഴി പ്രകാരം, ബലാത്സംഗം നടന്ന ഓരോ സംഭവത്തിന് ശേഷവും കന്യാവൃതം (Vow of Chastity) തന്നെ വേട്ടയാടിയിരുന്നതായും താന്‍ ദയക്ക് വേണ്ടി അപേക്ഷിച്ചതായും പറയുന്നുണ്ട്.

എന്നാല്‍ ഈ അവസരത്തിലും പ്രതിക്കൊപ്പം യാത്ര ചെയ്തതും വളരെ അടുത്ത് ഇടപെഴകിയതും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കേസിനെ ദുര്‍ബലപ്പെടുത്തുന്നുണ്ട്,” കോടതി വിധിയില്‍ പറയുന്നു.

തന്റെ സുപ്പീരിയറായ ബിഷപ്പിനൊപ്പം (ഫ്രാങ്കോ മുളക്കല്‍) രൂപതയിലെ ജോലിയുടെ ഭാഗമായി യാത്ര ചെയ്തു എന്നതാണ് കന്യാസ്ത്രീയുടെ ആരോപണത്തെ തള്ളിക്കളയാന്‍ കോടതി ഉദ്ദരിച്ചത്.

വിധിയിലെ പല ഭാഗങ്ങളിലും ബലാത്സംഗം ചെയ്തു എന്ന അതിജീവിതയുടെ പരാതിയെ, ആരോപണത്തെ, കിടക്ക പങ്കിട്ടു (Share Bed) എന്ന രീതിയിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയോട് ചെയ്തത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇതിലൂടെ കോടതി ശ്രമിക്കുന്നത്.

ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ അതിജീവിതയായ കന്യാസ്ത്രീക്ക് മേല്‍ ഒരു ബന്ധു കേസ് നല്‍കിയിരുന്നു. ഇതിന്മേല്‍ കന്യാസ്ത്രീക്ക് മേല്‍ അന്വേഷണവും നടത്തിയിരുന്നു.

തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ദല്‍ഹിയില്‍ അധ്യാപികയായ ഇവരുടെ പരാതിയില്‍ പറഞ്ഞത്.

എന്നാല്‍ പരാതി തെറ്റായിരുന്നെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് അത്തരത്തില്‍ പരാതി നല്‍കിയതെന്നും പിന്നീട് പരാതിക്കാരി സമ്മതിച്ചിരുന്നു. ഇക്കാര്യം അതിജീവിത കോടതിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ വിധി പ്രസ്താവിക്കവെ കോടതി ഇക്കാര്യം പരിഗണിച്ചില്ല. അധ്യാപിക കുറ്റസമ്മതം നടത്തിയെങ്കിലും അത് അത്തരത്തില്‍ തന്നെ ആയിരിക്കണമെന്നില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

അതിജീവിതയുടെ കന്യാചര്‍മം മുറിഞ്ഞിട്ടുണ്ട് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ, അധ്യാപികയായ പരാതിക്കാരിയുടെ ഭര്‍ത്താവുമായുള്ള കന്യാസ്ത്രീയുടെ ബന്ധത്തോടാണ് കോടതി ബന്ധപ്പെടുത്തുന്നത്.

ജനുവരി 14 വെള്ളിയാഴ്ചയായിരുന്നു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി വന്നത്. സഹോദരന്മാരായ ഫിലിപ്പ്, ചാക്കോ എന്നിവര്‍ക്കൊപ്പമായിരുന്നു വിധി കേള്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയിരുന്നത്.

പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡി.വൈ.എസ്.പി കെ സുഭാഷ്, എസ്.ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.

നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ പ്രധാനമായും ഏഴ് കുറ്റങ്ങളായിരുന്നു ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. എന്നാല്‍ 289 പേജുള്ള വിധിപ്രസ്താവത്തിലൂടെ ഇതിനെയെല്ലാം നിഷേധിക്കുകയാണ് കോടതി ചെയ്യുന്നത് എന്നാണ് വിധിക്ക് പിന്നാലെ വലിയൊരു വിഭാഗം വിമര്‍ശനമുന്നയിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Court judgement in Nun sexual abuse case, making Bishop Franco Mulakkal free, is against 2013 Criminal Law (Amendment) Act