നീതി ലഭിക്കാത്ത വിധികള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം: ഹരീഷ് വാസുദേവന്‍
Kerala News
നീതി ലഭിക്കാത്ത വിധികള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം: ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th January 2022, 1:25 pm

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയതില്‍ നീതിപീഠം നിയമപുസ്തകങ്ങള്‍ക്കുള്ളില്‍ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടതെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികാരണം.

സത്യത്തെ മറച്ചുവെക്കുന്നതിന് പകരം സത്യത്തെ സ്വതന്ത്രമാക്കുകയും കണ്ടെത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

‘നിയമവും നിയമവ്യവസ്ഥയും ഉണ്ടാക്കി വെച്ചിരിക്കുന്നത് നീതി ലഭ്യമാക്കാന്‍ ആണ്. നീതി നിഷേധിക്കാനുള്ള സാങ്കേതിക കാരണങ്ങള്‍ പറയാനല്ല. ഞാനോ നിങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളിലല്ല പല ഇരകളും ജീവിക്കുന്നത്. അവരുടെ ചെരുപ്പില്‍ കയറി നിന്ന് ആ സാഹചര്യത്തെ കാണാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. അപ്പോഴേ നീതി നിര്‍വ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തില്‍ സേഫായി ഇരുന്ന് ഇരകളുടെ പ്രവര്‍ത്തിയെ വിധിക്കരുത്,’ ഹരീഷ് വാസുദേവന്‍ പറയുന്നു.

പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള ഫെയര്‍ ലെവല്‍ പ്ലേ അല്ല പലപ്പോഴും വിചാരണയെന്നും പല കാരണങ്ങളാല്‍ പ്രോസിക്യൂഷനു പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സാക്ഷികളാണ് വിചാരണയുടെ നട്ടെല്ല്. പ്രതിഭാഗം സമ്പത്തും അധികാരവും ഉള്ളവരാകുമ്പോള്‍ സാക്ഷികള്‍ക്ക് നിര്‍ഭയം സാക്ഷി പറയാന്‍ പറ്റില്ല. സാക്ഷികളെയോ ഇരകളെയോ സംരക്ഷിക്കാനുള്ള ഒരു നിയമമില്ല നമ്മുടെ രാജ്യത്ത്,’ ഹരീഷ് പറയുന്നു.

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കില്‍ ഒരു ശവം കൂടി മഠത്തിലെ കിണറ്റില്‍ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുമ്പില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴാണ് അതിനേക്കാള്‍ എത്രയോ ദുര്‍ബലയായ കന്യാസ്ത്രീ പരാതി വൈകിച്ചതിനു അവരെ കോടതി അവിശ്വസിക്കുന്നത്.

ഇര പ്രതിയെ കുടുക്കാന്‍ മനപൂര്‍വ്വം കള്ളം പറയുന്നു എന്നു കോടതി കണ്ടെത്താത്തിടത്തോളം, അവര്‍ക്ക് നീതി ലഭ്യമാക്കേണ്ട ബാധ്യത നീതിപീഠത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതിയിലേക്കുള്ള വഴി ഇന്നും കര്‍ത്താവിന്റെ കുരിശുവഴിയോളം പീഡനം നിറഞ്ഞതാണെന്നും ഓരോ ഇരയ്ക്കും ചോര വാര്‍ന്നു വാര്‍ന്നേ ആ വഴി ഭാരവും പേറി നടക്കാന്‍ പറ്റൂവെന്നും ഹരീഷ് പറഞ്ഞു. നീതി ലഭിക്കാത്ത വിധികള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നീതിപീഠം നിയമപുസ്തകങ്ങള്‍ക്കുള്ളിലെ നൂലാമാലകളില്‍ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടത്. സത്യത്തെ സ്വാതന്ത്രമാക്കുകയാണ് വേണ്ടത്. കണ്ടെത്തുകയാണ് വേണ്ടത്. നിയമവും നിയമവ്യവസ്ഥയും ഉണ്ടാക്കി വെച്ചിരിക്കുന്നത് നീതി ലഭ്യമാക്കാന്‍ ആണ്. നീതി നിഷേധിക്കാനുള്ള സാങ്കേതിക കാരണങ്ങള്‍ പറയാനല്ല.

ഞാനോ നിങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളിലല്ല പല ഇരകളും ജീവിക്കുന്നത്. അവരുടെ ചെരുപ്പില്‍ കയറി നിന്ന് ആ സാഹചര്യത്തെ കാണാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. അപ്പോഴേ നീതി നിര്‍വ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തില്‍ സേഫായി ഇരുന്ന് ഇരകളുടെ പ്രവര്‍ത്തിയെ വിധിക്കരുത്.

പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള ഫെയര്‍ ലെവല്‍ പ്ലേ അല്ല പലപ്പോഴും വിചാരണ. പല കാരണങ്ങളാല്‍ പ്രോസിക്യൂഷനു പരിമിതികള്‍ ഉണ്ട്. സാക്ഷികളാണ് വിചാരണയുടെ നട്ടെല്ല്. പ്രതിഭാഗം സമ്പത്തും അധികാരവും ഉള്ളവരാകുമ്പോള്‍ സാക്ഷികള്‍ക്ക് നിര്‍ഭയം സാക്ഷി പറയാന്‍ പറ്റില്ല. സാക്ഷികളെയോ ഇരകളെയോ സംരക്ഷിക്കാനുള്ള ഒരു നിയമമില്ല നമ്മുടെ രാജ്യത്ത്.

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കില്‍ ഒരു ശവം കൂടി മഠത്തിലെ കിണറ്റില്‍ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴാണ് അതിനേക്കാള്‍ എത്രയോ ദുര്‍ബലയായ കന്യാസ്ത്രീ പരാതി വൈകിച്ചതിനു അവരെ കോടതി അവിശ്വസിക്കുന്നത്. ഇര പ്രതിയെ കുടുക്കാന്‍ മനപൂര്‍വ്വം കള്ളം പറയുന്നു എന്നു കോടതി കണ്ടെത്താത്തിടത്തോളം, അവര്‍ക്ക് നീതി ലഭ്യമാക്കേണ്ട ബാധ്യത നീതിപീഠത്തിനുണ്ട്.

നീതിയിലേക്കുള്ള വഴി കര്‍ത്താവിന്റെ കുരിശുവഴിയോളം പീഡനം നിറഞ്ഞതാണ്, ഇന്നും. ചോര വാര്‍ന്നു വാര്‍ന്നേ ആ വഴി ഭാരവും പേറി നടക്കാന്‍ പറ്റൂ, ഓരോ ഇരയ്ക്കും. കാരണം അധികാരം പാപിയ്‌ക്കൊപ്പം ആണ്.
#ഇരയ്‌ക്കൊപ്പം..
#നീതിയ്‌ക്കൊപ്പം…
നീതി ലഭ്യമാക്കാത്ത വിധികള്‍ക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം..
(മാദ്ധ്യമവിചാരണയാണ് ശരി എന്നെനിക്ക് അഭിപ്രായവുമില്ല)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Judges who do not get justice are in the dustbin of history: Harish Vasudevan