ഐശ്വര്യാറായി ആണ്ടാള്‍കൊണ്ടൈ സ്‌റ്റൈലിലാണ് മുടി കെട്ടിയത്, തൃഷയുടെ രീതി മറ്റൊന്ന്: പൊന്നിയിന്‍ സെല്‍വന്‍ ടീമിലെ മലയാളി നിവേദിത പറയുന്നു
Film News
ഐശ്വര്യാറായി ആണ്ടാള്‍കൊണ്ടൈ സ്‌റ്റൈലിലാണ് മുടി കെട്ടിയത്, തൃഷയുടെ രീതി മറ്റൊന്ന്: പൊന്നിയിന്‍ സെല്‍വന്‍ ടീമിലെ മലയാളി നിവേദിത പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th October 2022, 2:00 pm

ഇന്ത്യന്‍ സിനിമാ ലോകം നെഞ്ചേറ്റിയ ചിത്രമായിരിക്കുകാണ് മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. സ്‌ക്രീനിലെത്തിയ ചെറിയ കഥാപാത്രങ്ങള്‍ വരെ തിളങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 19ാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പരിസരവും വസ്ത്രങ്ങളുമൊക്കെ ഒരുക്കുന്നത് വെല്ലുവിളിയായിരുന്നു.

ചിത്രത്തിന്റെ അസിസ്റ്റന്റ് കോസ്റ്റിയൂം ഡിസൈനറായി മലയാളിയായ നിവേദിത കോളിയൂട്ടുമുണ്ടായിരുന്നു. പൊന്നിയിന്‍ സെല്‍വനിലെ വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈന്‍ ചെയ്‌തെടുക്കുമ്പോള്‍ നേരിട്ട വെല്ലുവിളികളെ പറ്റി പറയുകയാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ നിവേദിത.

‘തമിഴ്‌നാട്ടില്‍ എല്ലാവര്‍ക്കും അറിയുന്ന കഥയാണ് കല്‍കി കൃഷ്ണമൂര്‍ത്തി എഴുതിയ പൊന്നിയിന്‍ സെല്‍വന്‍. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തെയും ചെയ്‌തെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ചരിത്രശേഷിപ്പുകള്‍ ഇല്ലാത്തതും ഭാവനയ്ക്കനുസരിച്ച് ചെയ്യണമെന്നതും പ്രതിസന്ധിയായിരുന്നു.

ടീമിലുള്ള എല്ലാവരും ആദ്യമേ പുസ്തകം മുഴുവനും വായിച്ചു. പിന്നീട് കിട്ടാവുന്ന എല്ലാ രേഖകളും സംഘടിപ്പിച്ചു. ചോളസാമ്രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. അവിടെയുള്ള ആളുകളുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, നിറങ്ങള്‍ എല്ലാം മനസ്സിലാക്കി. ഓരോ കഥാപാത്രവും അവരുടെ വസ്ത്രവും ആഭരണവുമെല്ലാം വരച്ചു. കാഞ്ചീപുരം ഉള്‍പ്പെടെയുള്ളവ തമിഴ്‌നാട്ടിലെ നെയ്ത്തുകാരില്‍നിന്ന് പറഞ്ഞുചെയ്യിച്ചതാണ്. പിന്നീട് മണിരത്‌നം ലുക് ടെസ്റ്റ് നടത്തിയാണ് എല്ലാവരുടെയും കോസ്റ്റ്യൂം തീരുമാനിച്ചത്.

ഐശ്വര്യാറായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല തുടങ്ങിയ സുന്ദരികളുടെ വലിയനിരതന്നെ സിനിമയിലുണ്ട്. ഇവരെയെല്ലാം ഒന്നിനൊന്ന് മികച്ചതാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഐശ്വര്യാറായി ചെയ്ത നന്ദിനിയുടെ കഥാപാത്രം ‘ആണ്ടാള്‍കൊണ്ടൈ’ എന്ന സ്‌റ്റൈലിലാണ് മുടികെട്ടിയത്. റൂബി, എമിറാള്‍ഡ് ആഭരണങ്ങളുടെ നിറമാണ് അവര്‍ക്ക് നല്‍കിയത്. തൃഷയ്ക്ക് മുകളിലേക്ക് കെട്ടിവെക്കുന്ന രീതിയിലാണ് മുടിചെയ്തത്.

രാജകുമാരിയാണ്, അതുകൊണ്ടുതന്നെ പ്രിന്‍സസ് കളറുകളും സ്വര്‍ണങ്ങളുമാണ് ഉപയോഗിച്ചത്. കാര്‍ത്തി, ജയറാം, ജയംരവി തുടങ്ങിയവര്‍ക്കെല്ലാം വ്യത്യസ്തമായ തുണിത്തരങ്ങളിലാണ് ഡിസൈന്‍ ചെയ്തത്,’ നിവേദിത പറഞ്ഞു.

Content Highlight: costume designer Nivedidha talks about the challenges she faced while designing clothes and jewelery for Ponniyin Selvan