റോഷാക്കിന്റെ സെറ്റില്‍ വെച്ച് മമ്മൂക്ക രണ്ട് ചോദ്യം ചോദിച്ചു, അത് കേട്ടപ്പോള്‍ ഈ കഥാപാത്രത്തെ കിട്ടിയതില്‍ സന്തോഷം തോന്നി: കോട്ടയം നസീര്‍
Film News
റോഷാക്കിന്റെ സെറ്റില്‍ വെച്ച് മമ്മൂക്ക രണ്ട് ചോദ്യം ചോദിച്ചു, അത് കേട്ടപ്പോള്‍ ഈ കഥാപാത്രത്തെ കിട്ടിയതില്‍ സന്തോഷം തോന്നി: കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th October 2022, 12:52 pm

കോമഡി കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന തനിക്ക് ലഭിച്ച സീരിയസ് കഥാപാത്രമാണ് റോഷാക്കിലേതെന്ന് നടന്‍ കോട്ടയം നസീര്‍. മമ്മൂട്ടിയുടെ രണ്ട് ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഈ കഥാപാത്രം കിട്ടിയതില്‍ സന്തോഷം തോന്നിയെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നസീര്‍ പറഞ്ഞു. നസീറിനൊപ്പം മമ്മൂട്ടിയും ജഗദീഷും ഗ്രേസ് ആന്റണിയും അഭിമുഖത്തിനുണ്ടായിരുന്നു.

‘മിമിക്രിയില്‍ കൂടിയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഇതിന് മുമ്പുള്ള പല സിനിമകളിലും നമ്മള്‍ സെലക്ട് ചെയ്യുന്നത് ഒരു തമാശ റോളുകളായിരിക്കും. ബാവൂട്ടിയുടെ നാമത്തില്‍ കുറച്ച് സീരിയസായ കഥാപാത്രത്തെയാണ് ചെയ്തത്. മമ്മൂട്ടിയുടെ സിനിമയിലാണ് കുറച്ച് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളത്. റോഷാക്കിലും സീരിയസായിട്ടുള്ള കഥാപാത്രമാണ്.

സെറ്റില്‍ വെച്ച് മമ്മൂക്ക രണ്ട് ചോദ്യമാണ് എന്നോട് ചോദിച്ചത്. ഈ റോള്‍ കിട്ടാന്‍ വേണ്ടി നീ സംവിധായകന് എന്തൊക്കെയാണ് കൊടുത്തതെന്ന്. പിന്നെ ഈ സിനിമയില്‍ നിന്റെ കഥാപാത്രം എനിക്ക് ചെയ്താല്‍ കൊള്ളാമെന്ന് തോന്നിയെന്നും എന്നോട് പറഞ്ഞു. അതൊക്കെ കേട്ടപ്പോള്‍ ഈ കഥാപാത്രത്തെ എനിക്ക് കിട്ടിയതില്‍ വലിയ സന്തോഷം തോന്നി,’ നസീര്‍ പറഞ്ഞു.

നസീറിന്റേത് നല്ല വേരിയേഷനുള്ള കഥാപാത്രമാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. ‘നസീറിന്റെ എല്ലാ സീനും എന്റെ കണ്ണിലിരിപ്പുണ്ട്. കൂടുതല്‍ പറയാന്‍ പറ്റില്ല. എല്ലാവരും ഡാര്‍ക്ക് ലുക്കുള്ളവരാണ്. ഭയങ്കര സുന്ദരന്മാരും സുന്ദരിമാരുമല്ല എല്ലാവരും. രൂപം കൊണ്ട് എല്ലാവരും വളരെ കോമണാണ്. അതുകൊണ്ടാണ് മുഖത്ത് കരിയൊക്കെ ഇരിക്കുന്നത്. ഇതില്‍ ആകെപ്പാടെ സുന്ദരിയായിരിക്കുന്നത് ഗ്രേസ് മാത്രമാണ്,’ മമ്മൂട്ടി പറഞ്ഞു.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മേക്കിങ്ങും അവതരണവും മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ മമ്മൂട്ടി സിനിമയെ വേറൊരു തലത്തില്‍ എത്തിച്ചുവെന്നും ഹോളിവുഡ് രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രതികരണങ്ങള്‍ ഉണ്ട്.

Content Highlight: kottayam Nazir said that he felt happy to get the role in rorschach after hearing Mammootty’s two questions