ലാഭം കൊയ്യൽ; സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ചികിത്സാ ചെലവ് സാധാരണക്കാരില്‍ ബാധ്യതയുണ്ടാക്കുന്നു: മുഖ്യമന്ത്രി
Kerala
ലാഭം കൊയ്യൽ; സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ചികിത്സാ ചെലവ് സാധാരണക്കാരില്‍ ബാധ്യതയുണ്ടാക്കുന്നു: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 8:07 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലാഭം കൊയ്യാമെന്ന ചിന്തയോടെയാണ് ചിലര്‍ കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നിക്ഷേപം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആശുപത്രികളിലെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത നിലയിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എം.എല്‍.ടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ചിലത് വലിയ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രികളാണെന്നും അവിടങ്ങളില്‍ നല്ല ചികിത്സാ സൗകര്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധാരാളം പേര്‍ അവിടെ ചികിത്സയ്ക്ക് ആശ്രയിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ആരോഗ്യരംഗം ഉപയോഗിച്ച് വലിയ ലാഭം വര്‍ധിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെയാണ് മെഡിക്കല്‍ കോളേജുകളുടെ പ്രസക്തി വര്‍ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മെഡി. കോളേജുകളുടെ ശേഷിയെ വെല്ലുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികൾ നമ്മുടെ നാട്ടില്‍ വിരളമാണ്. കേരളം രാജ്യത്തെ ആരോഗ്യരംഗത്ത് നമ്പര്‍ വണ്ണിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുന്നതിലൂടെ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് വലിയ പ്രയോജനമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയല്‍ സംസ്ഥാനത്ത് നിന്നുള്ള ധാരാളം പേര്‍ കേരളത്തിലെ മെഡിക്കല്‍ കോളേജിനെ ചികിത്സക്കായി ആശ്രയിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യവും ജീവിതവും മെച്ചപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണ് ഇവയെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നാടിന്റെ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാനത്തെ ഖജനാവിന്റെ ശേഷി നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വലിയ തടസമായി മാറുന്നുണ്ടെന്നും മുഖ്യമന്തി പറഞ്ഞു.

2021 ആയപ്പോള്‍ 62,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിയതെങ്കില്‍ ഇപ്പോഴത് 90,000 കോടി രൂപയുടെ വികസനത്തിലെത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികളെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് പറഞ്ഞുകൊണ്ട് പലരും മുമ്പ് പരിഹസിച്ചിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു.

Content Highlight: Cost of treatment in super specialty hospitals is burdening the common man: Chief Minister