സ്‌പൈ യൂണിവേഴ്‌സ് കൊണ്ട് ഒരുത്തനും മുട്ടാന്‍ വരണ്ട, ക്ലാഷ് തൂക്കുമെന്നുറപ്പിച്ച ഇടിവെട്ട് ട്രെയ്‌ലറുമായി കൂലി
Indian Cinema
സ്‌പൈ യൂണിവേഴ്‌സ് കൊണ്ട് ഒരുത്തനും മുട്ടാന്‍ വരണ്ട, ക്ലാഷ് തൂക്കുമെന്നുറപ്പിച്ച ഇടിവെട്ട് ട്രെയ്‌ലറുമായി കൂലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd August 2025, 8:34 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷിന് ഈ മാസം കളമൊരുങ്ങുകയാണ്. ബോളിവുഡിലെയും കോളിവുഡിലെയും രണ്ട് വമ്പന്‍ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമായ വാര്‍ 2വും രജിനികാന്തിന്റെ കൂലിയും തമ്മിലുള്ള ക്ലാഷില്‍ ആര് ജയിക്കുമെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ കൂലിയുടെ ട്രെയ്‌ലര്‍ റിലീസായിരിക്കുകയാണ്. ചിത്രത്തിന്റെ ഇതുവരെയുള്ള ഹൈപ്പ് ഇരട്ടിയാക്കുന്ന തരത്തിലാണ് ലോകേഷ് കൂലിയുടെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. കഥയെക്കുറിച്ച് ഏകദേശ ധാരണ ട്രെയ്‌ലര്‍ നല്‍കുന്നുണ്ടെങ്കിലും ചിത്രത്തില്‍ ലോകേഷ് കുറച്ചധികം സര്‍പ്രൈസുകള്‍ ഒരുക്കിയിട്ടുണ്ടെന്നും സൂചനകളുണ്ട്.

ചെന്നൈ പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധോലോകവും അതിനെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. സത്യരാജാണ് രാജശേഖറെന്ന അന്വേഷണ ഉദ്യോഗസ്ഥനായി വേഷമിടുന്നത്. ഒരുഘട്ടത്തില്‍ രാജശേഖറിന്റെ കുടുംബത്തിനെ രക്ഷിക്കാന്‍ അയാളുടെ സുഹൃത്ത് ദേവ രംഗത്തെത്തുന്നിടത്ത് കഥ മാറുകയാണ്.

ആരാധകര്‍ക്ക് ആദ്യാവസാനം ആഘോഷമാക്കാനുള്ള തരത്തില്‍ മാസ്സായാണ് ലോകേഷ് കൂലി ഒരുക്കിയിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയാണ് പ്രധാന വില്ലന്‍. ഇതുവരെ കാണാത്ത തരത്തില്‍ വൈല്‍ഡായിട്ടുള്ള വില്ലനാണ് സൈമനെന്ന് ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകള്‍ ഉറപ്പുനല്‍കുന്നു. നാഗാര്‍ജുനയുടെ സഹായിയായ ദയാലായി സൗബിനും വേഷമിടുന്നു.

കരിയറിലെ ഏറ്റവും വലിയ മാസ് കഥാപാത്രമായി ആമിര്‍ ഖാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ദാഹാ എന്ന കഥാപാത്രം തിയേറ്റുകളെ ഇളക്കിമറിക്കുമെന്ന് ട്രെയ്‌ലറിലെ രണ്ട് ഷോട്ട് കൊണ്ട് ലോകേഷ് പ്രതീക്ഷ നല്‍കുന്നുണ്ട്. കന്നഡ താരം ഉപേന്ദ്രയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഖലേജ എന്നാണ് ഉപേന്ദ്രയുടെ കഥാപാത്രത്തിന്റെ പേര്.

ക്യാമറക്ക് മുന്നില്‍ രജിനികാന്ത് മാസ്സാകുമ്പോള്‍ ക്യാമറക്ക് പിന്നില്‍ തന്റെ സംഗീതം കൊണ്ട് അനിരുദ്ധ് സ്‌ക്രീനിന് തീപിടിപ്പിക്കുമെന്ന് ഉറപ്പാണ്. അമിത വയലന്‍സ് കാരണം ‘A’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് കൂലിക്ക് നല്‍കിയത്. 36 വര്‍ഷത്തിന് ശേഷമാണ് രജിനികാന്തിന്റെ ഒരു ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഓഗസ്റ്റ് 14ന് ക്ലാഷില്‍ കൂലിയോടൊപ്പം ഏറ്റുമുട്ടുന്ന വാര്‍ 2വിന് ഇപ്പോള്‍ തന്നെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രജിനി ആരാധകര്‍ സോഷ്യല്‍ മീഡിയ കൈയടക്കിക്കഴിഞ്ഞു.

Content Highlight: Coolie trailer out now