ലോ പവറില്‍ ലോക്കിയുടെ കൂലി
D-Review
ലോ പവറില്‍ ലോക്കിയുടെ കൂലി
അമര്‍നാഥ് എം.
Thursday, 14th August 2025, 4:27 pm

തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമ, സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം ഇന്ത്യന്‍ സിനിമയിലെ വമ്പന്മാര്‍ അണിനിരന്ന ചിത്രം. ഓരോ സിനിമയിലും മേക്കിങ്ങും ഹൈ മൊമന്റും കൊണ്ട് മറക്കാനാകാത്ത തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന ലോകേഷിന് ഇത്തവണ തന്റെ മേലുള്ള പ്രതീക്ഷകള്‍ പൂര്‍ണമായും കാക്കാനായില്ല.

ഒരു ഹാര്‍ബറും അതുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ചുറ്റിപ്പറ്റിയാണ് കൂലിയുടെ കഥ വികസിക്കുന്നത്. പുറത്ത് നിന്ന് ആര്‍ക്കും പെട്ടെന്ന് കടക്കനാകാത്ത ആ ലോകത്തിന്റെ രഹസ്യങ്ങളും അവിടേക്ക് എത്തിച്ചേരേണ്ടി വരുന്ന നായകന്‍ ദേവയെയുമാണ് ചിത്രത്തിന്റെ ആദ്യപകുതിയില്‍ കാണാന്‍ സാധിക്കുന്നത്. സ്വന്തം സുഹൃത്തിന്റെ മരണശേഷം അയാളുടെ മക്കളുടെ ദേവ സംരക്ഷിക്കുകയും വില്ലന്മാരില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നതാണ് കഥ.

ആക്ഷന്‍ ഡ്രാമ ഴോണറിലൊരുങ്ങിയ കൂലിയില്‍ ഡ്രാമക്കാണ് ലോകേഷ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ആവശ്യമുള്ളിടത്ത് വരുന്ന ആക്ഷന്‍ സീനുകളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതും വിസില്‍ വര്‍ത്തിയുമായിരുന്നു.

കഥ എവിടെയൊക്കെ ഡൗണായാലും അഡ്രിനാലിന്‍ റഷിന്റെ പീക്കില്‍ ഇന്റര്‍വെല്‍ തരിക എന്നത് ലോകേഷിന്റെ സിഗ്നേച്ചറാണ്. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന ദില്ലിയും വില്ലന്മാരെ തടഞ്ഞ് വെക്കുന്ന നെപ്പോളിയനുമുള്ള കൈതിയുടെ ഇന്റര്‍വെല്ലും മാസ്‌ക്ക് അഴിച്ച് ‘ആരംഭിക്കലാമാട എന്ന് വിക്രം പറയുന്ന ഇന്റര്‍വെല്ലും ട്രാപ്പ് സെറ്റ് ചെയ്ത് വെച്ച് മകളുടെ കൈയില്‍ നിന്ന് ചോക്ലേറ്റ് കഴിച്ച് ‘ബ്ലഡി സ്വീറ്റ്’ എന്ന് പറയുന്ന പാര്‍ത്ഥിബനുമെല്ലാം ടോപ് ഇന്റര്‍വെല്‍ പഞ്ചിന്റെ ഉദാഹരണങ്ങളായിരുന്നു.

എന്നാല്‍ കൂലിയില്‍ ഈയൊരു പഞ്ച് മിസ്സായെന്ന് പറയാതെ വയ്യ. സ്‌ക്രീന്‍ പ്രസന്‍സും ഡയലോഗ് ഡെലിവെറിയും കൊണ്ട് രജിനികാന്ത് മാക്‌സിമം മാസ് കാണിക്കുന്നുണ്ടെങ്കിലും മറ്റ് സിനിമകളുടെ ഇന്റവെല്ലിന്റെയത്ര കൂലി വന്നിട്ടില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ സംഗതി കുറച്ചുകൂടി മാസ്സായി. പ്രതീക്ഷിക്കാത്ത ചില ട്വിസ്റ്റുകളും അതിഗംഭീര ആക്ഷനുമായി ചിത്രം ശരാശരിയുടെ മുകളിലെത്തി.

നോണ്‍ ലീനിയറായി കാണിച്ച ഫ്‌ളാഷ്ബാക്കും ആ സീനുകളില്‍ രജിനിയെ പ്രസന്റ് ചെയ്ത രീതിയും എടുത്തു പറയേണ്ടതാണ്. സ്റ്റൈല്‍ മന്നന്‍ എന്ന വിളിപ്പേര് വെറുതേ ചാര്‍ത്തിക്കിട്ടിയതല്ലെന്ന് ഈ സീനുകളില്‍ രജിനി തെളിയിച്ചു. ഇമോഷണല്‍ സീനുകളില്‍ രജിനിയിലെ നടനെ നല്ലപോലെ ഉപയോഗിക്കാന്‍ ലോകേഷിന് സാധിച്ചു.

രജിനിക്ക് ശേഷം ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പെയ്‌സ് ലഭിച്ചത് സൗബിന്‍ ഷാഹിറിനാണ്. ദയാല്‍ എന്ന കഥാപാത്രത്തിലൂടെ തമിഴിലെ അരങ്ങേറ്റം സൗബിന്‍ ഒട്ടും മോശമാക്കിയില്ല. ഇന്‍ട്രോ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ ആ കഥാപാത്രത്തിന്റെ കറക്ട് മീറ്റര്‍ സൗബിനില്‍ ഭദ്രമായിരുന്നു. ‘മോണിക്ക’ എന്ന പാട്ടിലും സൗബിന്‍ തന്നെയാണ് സ്‌കോര്‍ ചെയ്തത്.

ഫസ്റ്റ് ലുക്ക് മുതല്‍ എല്ലാവരും ചര്‍ച്ചയാക്കിയ നാഗാര്‍ജുനയുടെ വില്ലന്‍ വേഷം പ്രതീക്ഷിച്ച ഇംപാക്ട് സമ്മാനിച്ചില്ല. സ്‌ക്രീന്‍ പ്രസന്‍സും സ്വാഗുമെല്ലാം ഉണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ ആര്‍ക്ക് ശരിയായി അവതരിപ്പിക്കാന്‍ ലോകേഷിന് സാധിച്ചില്ലെന്നേ പറയാനാകൂ. രജിനിയോടൊപ്പമുള്ള സീനുകളിലെല്ലാം സ്‌കോര്‍ ചെയ്യാനായി എന്നത് മാത്രമാണ് നാഗാര്‍ജുനയെക്കുറിച്ചുള്ള പോസിറ്റീവ്.

ശ്രുതി ഹാസനും സത്യരാജും തങ്ങളുടെ ഭാഗം ഗംഭീരമാക്കിയെങ്കിലും രണ്ട് കഥാപാത്രങ്ങളോടും വലിയ രീതിയില്‍ ഇമോഷണലി കണക്ടാകാന്‍ സാധിച്ചിട്ടില്ല. സത്യരാജിന് കുറച്ചുകൂടി സീനുകള്‍ കൊടുത്തിരുന്നെങ്കില്‍ എന്ന് ചിലയിടത്ത് തോന്നിപ്പോയി.

വന്‍ ബില്‍ഡപ്പില്‍ കൊണ്ടുവന്ന ആമിര്‍ ഖാനും സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കഥ പോലും കേള്‍ക്കാതെയാണ് ഈ സിനിമക്ക് ഓക്കെ പറഞ്ഞതെന്ന് കേട്ടപ്പോള്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല. വിക്രത്തില്‍ റോളക്‌സിനെ കൊണ്ടുവന്നതുപോലെ അവതരിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും ലൈഗറില്‍ ഗസ്റ്റ് റോള്‍ ചെയ്ത മൈക്ക് ടൈസന്റെ അവസ്ഥയായി ആമിര്‍ ഖാന്.

ഒട്ടും പ്രതീക്ഷ വെക്കാതിരുന്നത് ഉപേന്ദ്രയിലായിരുന്നു. എന്നാല്‍ ഇന്‍ട്രോ സീന്‍ മുതല്‍ പടം തീരുന്നത് വരെ അപാര ഡൊമിനേഷനായിരുന്നു ഉപേന്ദ്രയുടേത്. പത്ത് മിനിറ്റ് മാത്രമേ ഉള്ളുവെങ്കിലും ലൈഫ് ടൈം എക്‌സ്പീരിയന്‍സ് തരാന്‍ ഖലീസ എന്ന കഥാപാത്രത്തിന് സാധിച്ചു. അനിരുദ്ധ് അറിഞ്ഞ് പണിയെടുത്ത ബി.ജി.എമ്മും അതിനോടൊപ്പമുള്ള ഫൈറ്റും തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റി.

രണ്ട് സീനില്‍ മാത്രം വന്ന ബാബുരാജിന് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ചാള്‍സ്, കണ്ണാ രവി എന്നിവര്‍ അവരവരുടെ വേഷം ഗംഭീരമാക്കി. പിന്നെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അപാര ട്രാന്‍സ്‌ഫോര്‍മേഷനും രണ്ടാം പകുതിയെ മികച്ചതാക്കി മാറ്റി.

അനിരുദ്ധിന്റെ സംഗീതവും സിനിമയെ ഒരുപരിധി വരെ ഉയര്‍ത്തി. പവര്‍ ഹൗസ് എന്ന പാട്ട് പൂര്‍ണമായും ഉപയോഗിക്കാന്‍ അനിരുദ്ധിന് സാധിച്ചിട്ടില്ല. പാട്ടുകളുടെ പ്ലെയ്‌സ്‌മെന്റുകളെല്ലാം മികച്ചതായിരുന്നു. ഓരോ കഥാപാത്രങ്ങള്‍ക്കും കൊടുത്ത ബി.ജി.എമ്മും ഗംഭീരമായിരുന്നു.

ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണത്തെ അഭിനന്ദിക്കാതെ വയ്യ. സിംഗിള്‍ ഷോട്ടില്‍ എടുത്ത ചില സീനുകളെല്ലാം ഗംഭീരമായിരുന്നു. ആക്ഷന്‍ സീനുകള്‍ കൃത്യമായി ഒപ്പിയെടുക്കുന്നതിലും ഗിരീഷ് വിജയിച്ചു. അന്‍പറിവ് ഒരുക്കിയ ആക്ഷന്‍ ബ്ലോക്കുകളെല്ലാം തിയേറ്റര്‍ ഇളക്കിമറിച്ചു. സതീഷ് കുമാറിന്റെ ആര്‍ട്ട് ഡയറക്ഷനും ഫിലോമിന്‍ രാജിന്റെ കട്ടുകളും മികച്ചതായിരുന്നു.

വലിയൊരു സ്റ്റാര്‍ കാസ്റ്റില്‍ സ്ഥിരം പ്രതികാര കഥയും വലിയ ബലമില്ലാത്ത തിരക്കഥയുമായി ഒരുക്കിയ ചിത്രമെന്നാണ് കൂലിയെക്കുറിച്ച് പറയാനുള്ളത്. ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന തിയേറ്റര്‍ അനുഭവമെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

Content Highlight: Coolie movie Review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം