യൂട്യൂബിന് എന്ത് പറ്റിയെന്ന് ചോദിച്ചാല്‍ രജിനിയുടെ ഫാന്‍ ബോയ് കേറി വിളയാടിയെന്ന് പറഞ്ഞാല്‍ മതി, വൈബാക്കാന്‍ പുതിയ ഐറ്റവുമായി അനിരുദ്ധ്
Entertainment
യൂട്യൂബിന് എന്ത് പറ്റിയെന്ന് ചോദിച്ചാല്‍ രജിനിയുടെ ഫാന്‍ ബോയ് കേറി വിളയാടിയെന്ന് പറഞ്ഞാല്‍ മതി, വൈബാക്കാന്‍ പുതിയ ഐറ്റവുമായി അനിരുദ്ധ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th June 2025, 7:05 pm

ഴോണര്‍ ഏതായാലും തന്റെ സംഗീതം കൊണ്ട് സിനിമയിലെ പാട്ടുകള്‍ ചാര്‍ട്ബസ്റ്ററാക്കാന്‍ കഴിവുള്ള സംഗീതസംവിധായകനാണ് അനിരുദ്ധ്. പല സിനിമകളും തന്റെ സംഗീതം കൊണ്ട് മാത്രം പ്രേക്ഷകശ്രദ്ധ നേടാന്‍ അനിരുദ്ധിനുള്ള കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിലവില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാകാന്‍ വളരെ ചെറിയ സമയം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു.

രജിനികാന്തിന്റെ കടുത്ത ആരാധകനാണ് താനെന്ന് അനിരുദ്ധ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. താരത്തിന് വേണ്ടി അനിരുദ്ധ് ഒരുക്കുന്ന പാട്ടുകള്‍ അതിനുദാഹരണമാണ്. ജയിലര്‍ എന്ന ചിത്രത്തിലെ ഹുക്കും എന്ന ഗാനത്തിന് മുകളില്‍ വെക്കാന്‍ കഴിയുന്ന ഫാന്‍ബോയ് സോങ് വേറെയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

രജിനിയുടെ ഏറ്റവും പുതിയ ചിത്രമായ കൂലിയുടെ സംഗീതവും അനിരുദ്ധാണ് നിര്‍വഹിക്കുന്നത്. ടൈറ്റില്‍ ടീസര്‍ മുതല്‍ ഇങ്ങോട്ട് വന്ന എല്ലാ അപ്‌ഡേറ്റുകളിലും എല്ലാവരും ശ്രദ്ധിച്ചത് അനിരുദ്ധിന്റെ സംഗീതമായിരുന്നു. ഇഷ്ടനടന് വേണ്ടി ഏറ്റവും മികച്ച രീതിയില്‍ അദ്ദേഹം ഒരുക്കിയ സംഗീതം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറി. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

രജിനിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ‘ചികിട് വൈബി’ന്റെ പൂര്‍ണരൂപമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. വളരെ ഗ്രാന്‍ഡ് ആയിട്ടുള്ള മ്യൂസിക് വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അനിരുദ്ധും പഴയകാല നടനും സംവിധായകനുമായ ടി. രാജേന്ദറുമാണ് ഗാനം ആലപിച്ചത്. അടുത്ത ചാര്‍ട്ബ്സ്റ്ററാകുമെന്ന് ഉറപ്പാക്കിയ ഗാനമാണ് ‘ചികിട് വൈബ്’.

അനിരുദ്ധും ടി. രാജേന്ദറും മ്യൂസിക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍ സാന്‍ഡിയുടെ സാന്നിധ്യവും വീഡിയോയെ കൂടുതല്‍ മനോഹരമാക്കുന്നു. എ.വി.എം. സ്റ്റുഡിയോയില്‍ അടുത്തിടെ ഇട്ട സെറ്റിലാണ് വീഡിയോ ചിത്രീകരിച്ചത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ ഈ പാട്ട് വലിയ പങ്ക് വഹിക്കുമെന്ന് ഉറപ്പാണ്.

375 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജിനികാന്തിന് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍, ശ്രുതി ഹാസന്‍ എന്നിവരും കൂലിയുടെ ഭാഗമാകുന്നുണ്ട്. ആമിര്‍ ഖാന്റെ അതിഥിവേഷവും കൂലിയെ വ്യത്യസ്തമാക്കുന്നു. കോളിവുഡില്‍ നിന്ന് 1000 കോടി കളക്ഷന്‍ നേടുന്ന ആദ്യത്തെ ചിത്രമാകും കൂലിയെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Coolie movie first single titled as Chikitu Vibe out now