തലവെട്ടിയൊട്ടിച്ച ഫൈറ്റും, ബലമില്ലാത്ത സ്‌ക്രിപ്റ്റും, ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോളന്മാര്‍ വലിച്ചുകീറുന്ന കൂലി
Indian Cinema
തലവെട്ടിയൊട്ടിച്ച ഫൈറ്റും, ബലമില്ലാത്ത സ്‌ക്രിപ്റ്റും, ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോളന്മാര്‍ വലിച്ചുകീറുന്ന കൂലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th September 2025, 5:28 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കൂലി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളും അണിനിരന്നിരുന്നു. എന്നാല്‍ റിലീസിന് മുമ്പ് ലഭിച്ച ഹൈപ്പ് നിലനിര്‍ത്താന്‍ കൂലിക്ക് സാധിക്കാതെ പോയി. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ആദ്യ നാല് ദിവസം കൊണ്ട് 400 കോടിയിലേറെ സ്വന്തമാക്കിയ കൂലി പിന്നീട് ബോക്‌സ് ഓഫീസില്‍ വീഴുകയായിരുന്നു. 520 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് തീരെ ബലമില്ലാത്ത സ്‌ക്രിപ്റ്റിലാണ് ലോകേഷ് കൂലി ഒരുക്കിയതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞദിവസം കൂലി ഒ.ടി.ടിയില്‍ റിലീസ് ചെയ്തു.

ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ ട്രോളന്മാര്‍ കീറിമുറിക്കുകയാണ്. ഏതെല്ലാം ഭാഗങ്ങള്‍ നിരാശപ്പെടുത്തിയോ, അവയെല്ലാം ട്രോളിന് വിധേയമാവുകയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഫൈറ്റ് സീനില്‍ രജിനിയെ ഫേസ് സ്വാപ്പ് ചെയ്താണ് അവതരിപ്പിച്ചത് എന്നാണ് ചിലര്‍ വാദിക്കുന്നത്. മുഖത്ത് അധികം ഭാവങ്ങളില്ലാതെ ഈ രംഗത്തില്‍ രജിനിയുടെ കഥാപാത്രം ഫൈറ്റ് ചെയ്യുന്നതാണ് ഇത്തരം വാദത്തിന് കാരണം.

 

ഫേസ് സ്വാപ്പ് ചെയ്തതാണെങ്കില്‍ അത് വൃത്തിയായിട്ടില്ല എന്നാണ് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നത്. സിനിമയിലെ എല്ലാ മിസ്റ്റേക്കുകളും ശ്രദ്ധിക്കുന്ന ലോകേഷ് ഇക്കാര്യത്തില്‍ അശ്രദ്ധ കാണിച്ചെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. രണ്ടാം പകുതിയിലെ ലോജിക്കില്ലാത്ത രംഗങ്ങളെയും പലരും ട്രോളുന്നുണ്ട്.

സൗബിന്‍ അവതരിപ്പിച്ച ദയാലന്‍ എന്ന കഥാപാത്രത്തിന്റെയടുത്ത് നിന്ന് രക്ഷപ്പെടുന്ന ശ്രുതി ഹാസന്റെ കഥാപാത്രം തൊട്ടടുത്ത ഷോട്ടില്‍ യാതൊരു പേടിയുമില്ലാതെ റോഡ് സൈഡിലെ തട്ടുകടയിലിരുന്ന് ഭക്ഷണം കഴിക്കുന്ന രംഗം കോമഡിയായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജീവനും കൊണ്ട് ഓടുമ്പോള്‍ പോലും ഭക്ഷണം കഴിക്കാന്‍ വണ്ടി നിര്‍ത്തിയ ആ ധൈര്യത്തെ സമ്മതിക്കണമെന്നാണ് ചില പോസ്റ്റുകള്‍.

ഇന്റര്‍വെല്ലിന് മുമ്പ് രജിനി വളരെ സീരിയസായി ചോദ്യം ചോദിക്കുന്ന രംഗം തമിഴ് പേജുകളില്‍ ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്. ഭീഷണിയുടെ സ്വരത്തില്‍ ‘തെരിയുമാ’ എന്ന് ചോദിക്കുന്നത് പല പേജുകളിലും ട്രോളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്രയും മോശം മോഡുലേഷനില്‍ രജിനി സംസാരിക്കുന്നത് ഈയടുത്ത് കേട്ടിട്ടില്ല എന്നാണ് ഈ ഡയലോഗിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്.

നാഗാര്‍ജുന അവതരിപ്പിച്ച സൈമണ്‍ എന്ന കഥാപാത്രം വലിയ ബില്‍ഡപ്പ് കൊടുത്ത ആമിര്‍ ഖാന്റെ അതിഥിവേഷവും ട്രോളന്മാരുടെ ഇരയായി. ‘എന്നെ കൊന്നാലും എനിക്ക് മുകളിലുള്ള ഒരുത്തന്‍ വന്ന് എല്ലാവരെയും തീര്‍ക്കും’ എന്നായിരുന്നു ആമിര്‍ ഖാനെക്കുറിച്ചുള്ള നാഗാര്‍ജുനയുടെ ഡയലോഗ്. എന്നാല്‍ ഹെലികോപ്റ്ററില്‍ മാസ് ബി.ജി.എം സെറ്റ് ചെയ്ത് ഇന്‍ട്രോ കിട്ടിയ ആമിര്‍ പിന്നീട് കോമഡി പീസായി മാറുകയായിരുന്നു. വെറുതേ വന്ന് ബീഡി വലിച്ചുപോകാനുള്ള കഥാപാത്രമായി ആമിര്‍ ഖാന്റെ ദാഹ മാറി.

എന്നാല്‍ ചിത്രത്തിലെ പോസിറ്റീവ് ഘടകങ്ങള്‍ക്ക് അര്‍ഹിച്ച പ്രശംസയും ലഭിക്കുന്നുണ്ട്. രജിനിയെ ഡീ ഏജ് ചെയ്ത് അവതരിപ്പിച്ചതും അനിരുദ്ധിന്റെ ചില ബി.ജി.എമ്മുകളും ചിത്രത്തെ കുറച്ചെങ്കിലും മെച്ചപ്പെടുത്തിയിട്ടുണ്ട്. നാഗാര്‍ജുനയുടെ കോസ്റ്റിയൂം, രചിതയുടെ ക്യാരക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ഉപേന്ദ്രയുടെ ഇന്‍ട്രോ എന്നിവ ചിത്രത്തിലെ പോസിറ്റീവ് ഘടകങ്ങളാണ്.

Content Highlight: Coolie become troll material after OTT release