'അട്ടപ്പാടി മുതല്‍ അമേരിക്ക വരെ'; വിവാദ ക്യാപ്ഷന്‍ പിന്‍വലിച്ച് അരികെ ആപ്പ്
Entertainment news
'അട്ടപ്പാടി മുതല്‍ അമേരിക്ക വരെ'; വിവാദ ക്യാപ്ഷന്‍ പിന്‍വലിച്ച് അരികെ ആപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th July 2022, 11:35 am

മലയാളി യുവജനങ്ങള്‍ക്കിടയില്‍ സുപരിചിതമായ ഡേറ്റിങ് ആപ്പാണ് അരികെ. അരികെ ആപ്പില്‍ നടി അഹാന കൃഷ്ണയുടെ ചിത്രത്തോടൊപ്പം എഴുതിയ ക്യാപ്ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ‘അട്ടപ്പാടി മുതല്‍ അമേരിക്ക വരെയുള്ള മലയാളികള്‍ക്ക് വേണ്ടി’ എന്നായിരുന്നു ആപ്പില്‍ പ്രത്യക്ഷപ്പെട്ട ക്യാപ്ഷന്‍. അടിക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ഇത് വഴിവെച്ചു.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ക്യാപ്ഷന്‍ ആപ്പില്‍ പ്രത്യക്ഷപെട്ടതെന്ന് വിശദീകരണം വേണമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രശ്‌നം ചൂണ്ടി കാണിച്ചവരുടെ ആവശ്യം. അട്ടപ്പാടിയെ മോശമായ രീതിയില്‍ പറയുന്നു എന്നും പ്രശ്‌നം ചര്‍ച്ചചെയ്യുന്ന നെറ്റിസണുകള്‍ പറയുന്നു.

അതേസമയം ആപ്പിലെ ക്യാപ്ഷനുമായി തനിക്ക് ബന്ധമില്ല എന്നാണ് അഹാന കൃഷ്ണ പറയുന്നത്. ആപ്പിലെ ക്യാപ്ഷന്‍എഴുത്തുന്നയാള്‍ കൂട്ടിച്ചേര്‍ത്ത വാക്കുകള്‍ തന്റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടു എന്നും അഹാന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. എല്ലാ ഇന്‍ഫ്‌ലൂവന്‍സര്‍മാരെ പോലെ ഞാനും ബ്രാന്റുമായി ചേര്‍ന്ന് പരസ്യമാണ് ചെയ്തതെന്നും അഹാന പറയുന്നു.

 

എന്നാല്‍ അഹാനക്ക് നേരെയല്ല വിമര്‍ശനമെന്നും മറിച്ച് ആപ്പിന്റെ പിന്തിരിപ്പന്‍ ക്യാപ്ഷനെയാണ് വിമര്‍ശിച്ചതെന്നുമാണ് അഹാനക്ക് മറുപടിയായി സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വിവാദ ക്യാപ്ഷന്‍ ആപ്പ് പിന്‍വലിച്ചിട്ടുണ്ട്. നിലവില്‍ പ്രസ്തുത ക്യാപ്ഷനുകള്‍ ആപ്പില്‍ എവിടെയും കാണാന്‍ കഴിയുന്നില്ല.

ആപ്പ് ക്യാപ്ക്ഷന്‍ പിന്‍വലിച്ചത്, വിഷയം ഉയര്‍ത്തികൊണ്ട് വന്നവര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ പവര്‍ എന്തായാലും ഒരിക്കല്‍ കൂടി തെളിക്കപ്പെട്ടിരിക്കുന്നു എന്നാണ് പ്രതിഷേധം വിജയമായതോടെ നിരവധി പേര്‍ കുറിക്കുന്നത്.

Content Highlight : Controversial caption on Arike app getting lot of criticism from social media