എന്നെ ഫ്രെയിമിലേക്ക് വെക്കുമ്പോൾ അഭംഗിയാവുമോ എന്ന തോന്നലുണ്ടായിരുന്നു, ചെറുപ്പത്തിലുണ്ടായ മോശം അനുഭവങ്ങളാണ് അതിന് കാരണം: ഉണ്ണിമായ
Entertainment news
എന്നെ ഫ്രെയിമിലേക്ക് വെക്കുമ്പോൾ അഭംഗിയാവുമോ എന്ന തോന്നലുണ്ടായിരുന്നു, ചെറുപ്പത്തിലുണ്ടായ മോശം അനുഭവങ്ങളാണ് അതിന് കാരണം: ഉണ്ണിമായ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th July 2022, 9:46 am

നടി, സഹസംവിധായിക, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തയാണ് ഉണ്ണിമായ. പറവയിലെ ടീച്ചറും ജോജിയിലെ ബിൻസിയും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഉണ്ണിമായ ചെയ്ത കഥാപാത്രങ്ങളാണ്. മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളിൽ സഹസംവിധായികയായും ഉണ്ണിമായ പ്രവർത്തിച്ചിരുന്നു.

ചെറുപ്പത്തിൽ ചുറ്റുപാടിൽ നിന്നും മാറ്റിനിർത്തലുകൾ നേരിട്ടുണ്ടെന്നും ഇൻസെക്യൂരിറ്റി കാരണം അഭിനയിക്കാൻ അവസരം ചോദിക്കാൻ സാധിച്ചിരുന്നില്ലെന്നും പറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. ബിഹൈൻഡ്‌വുഡ്സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണിമായ.

‘ഞാൻ സിനിമയിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം പത്ത് വർഷമായി. ആദ്യ സമയത്തൊക്കെ അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ടായിട്ടും കോൺഫിഡൻസ് ഇല്ലാത്തത് കൊണ്ട് അത് പറയാൻ പറ്റാതെ പോയിട്ടുണ്ട്. അതിന്റെ പ്രധാനകാരണം ഇതിന് ഞാൻ ഫിസിക്കലി ഫിറ്റ് ആണോ എന്ന സംശയമാണ്. ചെറുപ്പക്കാലത്ത് ചുറ്റുപാടുകളിൽ നിന്നും പല മോശം വാക്കുകളും, വർത്തമാനങ്ങളും മാറ്റി നിർത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം അനുഭവിച്ച് തന്നെയാണ് ഞാനും വളർന്നത്.

സാമാന്യത്തിൽ കൂടുതൽ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാൾ എന്ന നിലയിൽ പല സ്ഥലത്ത് നിന്നും മാറ്റി നിർത്തപ്പെട്ട ആള് തന്നെയാണ് ഞാൻ. കുഞ്ഞു നാളുമുതലേ പല നോവിക്കുന്ന വാക്കുകളും ഞാൻ കേട്ടിട്ടുണ്ട്.

ഇതൊക്കെ വളർന്ന് വരുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച് കോൺഫിഡൻസ് കുറക്കും, ഇൻസെക്യൂരിറ്റി കൂട്ടും. ആ ഇൻസെക്യൂരിറ്റി കാരണം സിനിമ ഗ്രൂപ്പിൽ സജീവമായിട്ട് പോലും അഭിനയിക്കാൻ അവസരം ചോദിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. എനിക്ക് അഭിനയിക്കാൻ താല്പര്യമുണ്ട്, എന്നെ പരിഗണിക്കാമോ എന്ന് ചോദിക്കാൻ സാധിച്ചിരുന്നില്ല.

അഭിനയിക്കാൻ പറ്റില്ലെന്ന് തോന്നിയതുകൊണ്ടല്ല ഞാൻ ചോദിക്കാതിരുന്നത്. എന്നെ ഫ്രെയിമിലേക്ക് വെക്കുമ്പോൾ അഭംഗിയാവുമോ എന്ന തോന്നലുകൊണ്ടാണ്. പക്ഷെ ഒരു ഘട്ടത്തിൽ നമ്മൾ തിരിച്ചറിയും, സൊസൈറ്റി നിങ്ങളെ ഒതുക്കി വളർത്താൻ ശ്രമിച്ചതിന്റെയോ പെൺകുട്ടികൾ ഇങ്ങനെയാവണം എന്ന വാശിയുടെ പുറത്തോ ഉണ്ടാകുന്ന പ്രശ്നങ്ങളാണതെന്ന്. അത് നമ്മൾ ഒന്ന് ലോജിക്കലി ആലോചിച്ചാൽ മനസ്സിലാകുന്നതാണ്.

കോൺഫിഡൻസ് നമ്മൾ ഡെവലപ്പ് ചെയ്ത് എടുക്കേണ്ടതാണെന്ന് തോന്നിയ ഘട്ടത്തിലാണ് ഞാൻ സുന്ദരിയാണ്, എനിക്ക് ഇത് അറ്റംപ്റ്റ് ചെയ്യാം, ഒരു കുഴപ്പവുമില്ലെന്ന് തോന്നിയത്. ഞാൻ സുന്ദരിയാണെന്ന് വിശ്വസിച്ചുകൊണ്ടാണ് ആ സ്റ്റെപ്പ് വെച്ചത്,’ ഉണ്ണിമായ പറഞ്ഞു.

Content Highlight: Unnimaya says that she had confidence issues to act