കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെ. സുധാകരന്‍ എം.പി ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചു.
ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജി കോടതി തള്ളിയതിന് പിന്നാലെ സുധാകരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ കോടതിയെ അവഹേളിക്കുന്നതാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
കോടതിയലക്ഷ്യ കേസില്‍ ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ അദ്ദേഹം നിരുപാധികം മാപ്പ് അപേക്ഷിച്ചത്.
തന്റെ പരാമര്‍ശങ്ങള്‍ കോടതിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും അത് കേവലം സാന്ദര്‍ഭികമായി ഉണ്ടായതാണെന്നുമാണ് സുധാകരന്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചത്.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് കെ സുധാകരന്‍ വിവാദമായ പരസ്യ പരാമര്‍ശങ്ങള്‍ നടത്തിയത്.
കോടതി വിധിയെ വിമര്‍ശിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ജനാര്‍ദ്ദന ഷേണായിയാണ് സുധാകരനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.