പാലക്കാട്: രാഹുൽ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും. പാലക്കാട് ജില്ലയിലാണ് കോണ്‍ഗ്രസ് അണികളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായത്.
കൈരളിയുടെ മാധ്യമപ്രവര്‍ത്തകനെ അടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചുതള്ളി. ഇതിനെ ചോദ്യം ചെയ്ത മറ്റു മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാനും പാര്‍ട്ടി അണികള്‍ ശ്രമിച്ചു.
രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ പുറകില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂവി വിളിക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ശക്തമാക്കിയതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയും റിപ്പോര്‍ട്ടര്‍മാരെ കൈയേറ്റം ചെയ്യുകയുമായിരുന്നു.
‘കോണ്‍ഗ്രസില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തു. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണ്. ഇത്തരം സാഹചര്യങ്ങളും കേസുകളും വന്നപ്പോള്‍ സി.പി.ഐ.എം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന കാര്യം നാം ഓർക്കണം,’ എന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.
തങ്ങള്‍ക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. രാഹുലുമായി ബന്ധപ്പെട്ട വിഷയത്തിലെ തന്റെ നിലപാട് കേരളത്തിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അറിയാവുന്നതാണ്. ഇന്ന് (ബുധൻ) രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. കോടതിയുടെ തീരുമാനം വന്നതിനുശേഷം കെ.പി.സി.സി അധ്യക്ഷന്‍ നേതാക്കളുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ല. ഇത്തരം കേസുകളില്‍ ഏറ്റവും ശക്തമായ നടപടി സ്വീകരിച്ചതാണ് തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് അണികള്‍ പ്രകോപിതരായത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയേക്കുമെന്നാണ് സൂചന. രാഹുലിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ അടക്കം ഇന്ന് പ്രതികരിച്ചത്. നിലവില്‍ രാഹുല്‍ ബെംഗളൂരുവില്‍ ഉള്ളതായി പൊലീസിന് സ്ഥിരീകരിച്ചതായാണ് വിവരം.
Content Highlight: Congress workers attempt to attack journalists, palakkad