ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഭീകരവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലോകരാജ്യങ്ങളെ അറിയിക്കുന്നതിനുള്ള പ്രതിനിധി സംഘത്തില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസില്‍ അസംതൃപ്തി. കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ശശി തരൂരിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് നന്ദികേടാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പ്രതിനിധി സംഘത്തിലേക്കായി കോണ്‍ഗ്രസ് നാല് പേരുകള്‍ സമര്‍പ്പിച്ചതായും എന്നാല്‍ അതില്‍ ഉള്‍പ്പെടാതിരുന്ന വ്യത്യസ്തമായ മറ്റൊരു പേര് കണ്ടതില്‍ ആശ്ചര്യം തോന്നിയതായി ജയറാം രമേശ് പറഞ്ഞു.
‘ഞങ്ങളോട് പേരുകള്‍ ചോദിച്ചു. പാര്‍ട്ടി നല്‍കിയ പേരുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ പി.ഐ.ബി (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)യുടെ പത്രക്കുറിപ്പ് കണ്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. നാല് പേരുകള്‍ ചോദിക്കുകയും നാല് പേരുകള്‍ നല്‍കുകയും മറ്റൊരു പേര് പ്രഖ്യാപിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ സത്യസന്ധതയല്ല കാണിക്കുന്നത്,’ ജയറാം രമേശ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ആനന്ദ് ശര്‍മ്മ, ഗൗരവ് ഗൊഗോയ്, രാജാ ബരാര്‍, നസീര്‍ ഹുസൈന്‍ എന്നീ നാല് പേരുകളാണ് കോണ്‍ഗ്രസ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് കൈമാറിയത്. രാഹുല്‍ ഗാന്ധി കിരണ്‍ റിജിജുവിന് അയച്ച കത്തിന്റെ വിശദാംശങ്ങളും ജയറാം രമേശ് പുറത്ത് വിട്ടിരുന്നു.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ കാര്യങ്ങളിലും പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ശശി തരൂരിനെതിരേയും ജയറാം രമേശ് ശക്തമായ വിമര്‍ശനം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നില്‍ക്കുന്നതും പ്രവര്‍ത്തകനായി തുടരുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. പ്രതിനിധി സംഘത്തില്‍ ക്ഷണം ലഭിച്ച കാര്യം തരൂര്‍ അറിയിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധി കൈമാറിയ ലിസ്റ്റില്‍ ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്താത്തതും വിവാദത്തിന് വഴി തെളിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടിയതില്‍ അഭിമാനമുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു.
Content Highlight: Congress unhappy with Shashi Tharoor’s inclusion in delegation; Jairam Ramesh says government of being dishonest