ജനുവരിയില്‍ നല്‍കേണ്ട കിസാന്‍ സമ്മാന്‍ നിധിയിലാണ് ഇപ്പോള്‍ ഒപ്പിട്ടത്; കര്‍ഷകര്‍ക്ക് വേണ്ടി എന്തോ മഹത്തായത് ചെയ്തുവെന്ന് പ്രചരിപ്പിക്കുകയാണ്: കോണ്‍ഗ്രസ്
national news
ജനുവരിയില്‍ നല്‍കേണ്ട കിസാന്‍ സമ്മാന്‍ നിധിയിലാണ് ഇപ്പോള്‍ ഒപ്പിട്ടത്; കര്‍ഷകര്‍ക്ക് വേണ്ടി എന്തോ മഹത്തായത് ചെയ്തുവെന്ന് പ്രചരിപ്പിക്കുകയാണ്: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 12:47 pm

ന്യൂദല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പുതിയ ഗഡു നല്‍കാനുള്ള ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടതുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ പ്രചരണം പൊളിച്ച് കോണ്‍ഗ്രസ്.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മോദി ഒപ്പിട്ട ആദ്യ ഫയലുകളില്‍ ഒന്ന് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള കിസാന്‍ സമ്മാന്‍ നിധിയാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രചരണം.

എന്നാല്‍ മോദി ഇപ്പോള്‍ ഒപ്പിട്ടത് കിസാന്‍ സമ്മാന്‍ നിധിയുടെ വൈകിയ ഗഡുവിന്റേതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ജനുവരി മാസം നല്‍കേണ്ടിയിരുന്ന ഗഡു അഞ്ച് മാസത്തിനിപ്പുറവും കര്‍ഷര്‍ക്ക് കിട്ടിയിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

മാത്രമല്ല കര്‍ഷകര്‍ക്ക് ഉറപ്പായും കിട്ടേണ്ട അവരുടെ അവകാശം മോദിയുടെ ദയാദാക്ഷീണ്യമായി കാണിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് പറഞ്ഞു.

‘പി.എം കിസാന്‍ നിധിയുടെ 16ാം ഗഡു 2024 ജനുവരിയില്‍ നല്‍കേണ്ടതായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പ് കാരണം ഇത് മാസങ്ങള്‍ വൈകി, ഈ ഫയലില്‍ ഒപ്പിട്ടതിലൂടെ പ്രധാനമന്ത്രി വലിയ കാര്യമൊന്നുമല്ല ചെയ്തത്. സര്‍ക്കാരിന്റെ നയമനുസരിച്ച് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നിയമാനുസൃതമായ അവകാശങ്ങളാണിവ. ഭരണപരമായ ഇത്തരം തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന എന്തോ മഹത്തായ നേട്ടങ്ങളാക്കി മാറ്റുന്നത് അദ്ദേഹത്തിന്റെ ഒരു ശീലമാണ്. എന്തുചെയ്യാം മനുഷ്യനായിട്ടല്ലോ സ്വയം ദൈവമാണെന്ന് കരുതുകയാണല്ലോ അദ്ദേഹം,’ ജയറാം രമേഷ് പറഞ്ഞു.

പി.എം കിസാന്‍ നിധിയുടെ 17ാം ഗഡു 2024 ഏപ്രില്‍/മേയ് മാസങ്ങളിലാണ് നല്‍കേണ്ടിയിരുന്നത്, എന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ അത് വൈകി, ഇത് ഇപ്പോള്‍ അദ്ദേഹം ഒപ്പിട്ട ഈ സമയം ഏതാണെന്ന് നിങ്ങള്‍ തിരിച്ചറിയണം.കര്‍ഷകരുടെ ക്ഷേമത്തില്‍ പ്രധാനമന്ത്രിക്ക് ആത്മാര്‍ത്ഥമായ താല്‍പ്പര്യമുണ്ടെങ്കില്‍ കര്‍ഷകരുടെ അഞ്ച് ആവശ്യങ്ങള്‍ അദ്ദേഹം നിറവേറ്റുകയായിരുന്നു വേണ്ടത്.

സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശം അനുസരിച്ച് മിനിമം താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, അത് കൃത്യമായി നടപ്പിലാക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുക, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ലഭ്യമാക്കുക, ഒരു പുതിയ കയറ്റുമതി-ഇറക്കുമതി നയം രൂപീകരിക്കുന്നതിന് കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്തുക, കൃഷിക്ക് ആവശ്യമായ ഉത്പ്പന്നങ്ങളുടെ ജി.എസ്.ടി ഒഴിവാക്കുക ഇത്തരത്തില്‍ കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ നടപ്പിലാക്കേണ്ടതിന് പകരം വീണ്ടും വീണ്ടും ഇന്ത്യയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് അദ്ദേഹമെന്നും ജയറാം രമേഷ് പറഞ്ഞു.

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പി.എം കിസാന്‍ നിധിയുടെ 17-ാം ഗഡു വിതരണത്തിന് അനുമതി നല്‍കുന്ന ഫയലിലായിരുന്നു. ഇത് 9.3 കോടി കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്നും 20,000 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

‘കര്‍ഷകക്ഷേമത്തിനു പൂര്‍ണമായും പ്രതിജ്ഞാബദ്ധമായ ഗവണ്മെന്റാണു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ, ചുമതലയേറ്റശേഷം ഒപ്പിട്ട ആദ്യ ഫയല്‍ കര്‍ഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് ഇതോടു ചേര്‍ന്നുനില്‍ക്കുന്നു. വരുംകാലങ്ങളില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”-എന്നായിരുന്നു ആദ്യ ഫയല്‍ ഒപ്പുവച്ചശേഷം പ്രധാനമന്ത്രി പറഞ്ഞത്.

എന്നാല്‍ മോദി പുതുതായി ഒന്നും തന്നെ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഒപ്പിടാന്‍ കഴിയാതെ പോയ ഒരു ഫയലില്‍ ഒപ്പിടുക മാത്രമായിരുന്നെന്നും അതും കര്‍ഷകര്‍ക്ക് കിട്ടേണ്ട പണം വളരെ വൈകി മാത്രമാണ് ലഭിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Content Highlight: Congress Slams Modi’s Publicised Release of Farmers’ Funds