വിദേശത്ത് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയില്ല: കോണ്‍ഗ്രസ്
Natonal news
വിദേശത്ത് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയില്ല: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2023, 11:32 pm

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ അനുരഞ്ജന ഫോര്‍മുല തള്ളി കോണ്‍ഗ്രസ്. വിദേശത്ത് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു.

അദാനി വിവാദത്തില്‍ ജെ.പി.സി അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയാല്‍, ലണ്ടനില്‍ വെച്ച് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം പിന്‍വലിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് കേന്ദ്രത്തെ അറിയിച്ചു.

വിഷയത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടര്‍ന്നതോടെ പാര്‍ലമെന്റ് തുടര്‍ച്ചയായ ഏഴാം ദിവസവും തടസപ്പെട്ടിരുന്നു.

അദാനി വിവാദത്തില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയില്‍ പ്രതിഷേധിച്ചിരുന്നു.

അതേസമയം, ലണ്ടനില്‍വെച്ച് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ബി.ജെ.പിയുടെ തീരുമാനം. അദാനി വിവാദത്തില്‍ ജെ.പി.സി അന്വേഷണമില്ലാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷവും.