ബി.ജെ.പി-ആര്‍.എസ്.എസ് വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ സമീപനം തടസം: സി.പി.ഐ.എം
India
ബി.ജെ.പി-ആര്‍.എസ്.എസ് വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ സമീപനം തടസം: സി.പി.ഐ.എം
നിഷാന. വി.വി
Tuesday, 26th May 2026, 10:55 am

ന്യൂദല്‍ഹി: ആര്‍.എസ്.എസ്- ബി.ജെ.പി വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര പാര്‍ട്ടികളുടെ സഖ്യം കെട്ടിപ്പടുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ തടസമാവുന്നുവെന്ന് സി.പി.ഐ.എം.

വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയെ തകര്‍ക്കാന്‍ പ്രതിപക്ഷ ഐക്യം അത്യാവശ്യമാണെന്നും സി.പി.ഐ.എം പറഞ്ഞു. മെയ് 22 മുതല്‍ 24 വരെ നടന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രസ്താവന.

‘മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടുള്ള കോണ്‍ഗ്രസിന്റെ മനോഭാവം ആര്‍.എസ്.എസ്- ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മതേതര ശക്തികളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിന് സഹായകമല്ല. എന്നാല്‍ ഐക്യം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്,’ പ്രസ്താവനയില്‍ പറയുന്നു.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് സി.പി.ഐ.എം ബി.ജെ.പിയുമായി ഡീലുണ്ടാക്കിയെന്ന ആരോപണത്തേയും പാര്‍ട്ടി അപലപിച്ചു.

‘വിവിധ സംസ്ഥാനങ്ങളില്‍ ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും വിരുദ്ധ നിലപാടുകളും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ ഈ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെ ഭൂരിപക്ഷം കുറയ്ക്കുന്നതിനും അവരെ പരാജയപ്പെടുത്തുന്നതിനുമായി രാജ്യത്തെ പരമാവധി മണ്ഡലങ്ങളില്‍ പ്രതിപക്ഷത്തിന് പൊതുവായി ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം നിര്‍ത്തുന്നതിനെക്കുറിച്ച് ‘ഇന്ത്യ’ മുന്നണിയിലെ പാര്‍ട്ടികള്‍ ഗൗരവമായി ആലോചിക്കണമെന്ന് സി.പി.ഐ.എം നിര്‍ദേശിച്ചു.

പശ്ചിമ ബംഗാളില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സഖ്യം നേടിയ വിജയവും അസമില്‍ അവര്‍ വീണ്ടും അധികാരത്തില്‍ വന്നതും രാജ്യത്തെ എല്ലാ മതേതര, പുരോഗമന, ജനാധിപത്യ ശക്തികളെയും ആഴത്തില്‍ ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സി.പി.ഐ.എം മുന്‍പന്തിയിലുണ്ടാകുമെന്നും നേതാക്കള്‍ സി.പി.ഐ.എം പറഞ്ഞു.

Content Highlight: Congress’s approach hinders fight against BJP-RSS communal forces: CPI(M)

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.