കെ.കെ. ശൈലജയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത റിനിക്കും കെ.ജെ ഷൈനിനും എതിരെ അധിക്ഷേപവുമായി കോണ്‍ഗ്രസ് പ്രൊഫൈലുകള്‍
Kerala
കെ.കെ. ശൈലജയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത റിനിക്കും കെ.ജെ ഷൈനിനും എതിരെ അധിക്ഷേപവുമായി കോണ്‍ഗ്രസ് പ്രൊഫൈലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd October 2025, 5:17 pm

കോഴിക്കോട്: സി.പി.ഐ.എം പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്ത നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിനും സി.പി.ഐ.എം നേതാക്കളായ കെ.കെ ശൈലജയ്ക്കും കെ.ജെ ഷൈനിനും എതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ് പ്രൊഫൈലുകള്‍.

കഴിഞ്ഞദിവസം പറവൂര്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെണ്‍കരുത്ത് എന്ന പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് റിനിക്കും ശൈലജ ടീച്ചര്‍ക്കും കെ.ജെ ഷൈനിനുമെതിരെ വീണ്ടും സൈബര്‍ ആക്രമണം ആരംഭിച്ചത്. കോണ്‍ഗ്രസ് അണികളെന്ന് അവകാശപ്പെടുന്നവരാണ് കടുത്ത അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ അധിക്ഷേപ പോസ്റ്റ് പങ്കിട്ട കോണ്‍ഗ്രസ് അനുയായിയുടെ ഒരു കുറിപ്പ് ഇതിനിടെ ചര്‍ച്ചയായിരിക്കുകയാണ്. ഫരീദ ഇബ്രാഹിം എന്ന പേരിലുള്ള അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അണികളും അധിക്ഷേപ കമന്റുകള്‍ പോസ്റ്റ് ചെയ്തതായി കാണാം.

നേരത്തെ, വടകരയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കെ.കെ ശൈലജയ്‌ക്കെതിരെയും സൈബറിടത്തില്‍ അധിക്ഷേപ പ്രചാരണം നടന്നിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗികാധിക്ഷേപ പരാതിയുമായി രംഗത്തെത്തിയതോടെയാണ് റിനി ആന്‍ ജോര്‍ജിന് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നത്.

കോണ്‍ഗ്രസിന് വലിയ തലവേദനയായ ഈ കേസിന് പിന്നാലെ തിരിച്ചടി നല്‍കുക എന്ന നിലയില്‍ സി.പി.ഐ.എം നേതാക്കളെ അധിക്ഷേപിക്കാനുള്ള ശ്രമങ്ങളുമായി ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തുകയായിരുന്നു. ഇതോടെ പറവൂരിലെ സി.പി.ഐ.എം നേതാവും അധ്യാപികയുമായ കെ.ജെ ഷൈനിന് സൈബറിടത്തില്‍ കടുത്ത അപവാദ പ്രചാരണങ്ങളെ നേരിടേണ്ടി വന്നു.

സംഭവത്തില്‍ രൂക്ഷമായി സി.പി.ഐ.എം നേതാക്കളടക്കം പ്രതികരിക്കുകയും കെ.ജെ. ഷൈനിന്റെ പരാതിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സി.കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

പൊലീസ് നടപടിയോടെ സൈബറാക്രമണത്തിന് അല്‍പം അയവ് സംഭവിച്ചെങ്കിലും പറവൂരിലെ സി.പി.ഐ.എം സംഘടിപ്പിച്ച പെണ്‍കരുത്ത് എന്ന പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ റിനിക്കും കെ.ജെ. ഷൈനിനും കെ.കെ ശൈലജ ടീച്ചര്‍ക്കും നേരെ അവഹേളനങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

പെണ്‍കരുത്ത് എന്ന പരിപാടിയില്‍ പങ്കെടുത്തതോടെ തനിക്കെതിരെ വീണ്ടും ആക്രമണങ്ങള്‍ ശക്തമായതോടെ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് റിനി മാധ്യമങ്ങളെ കണ്ടത്.

കോണ്‍ഗ്രസിനോടുള്ള സ്‌നേഹം കൊണ്ടാണ് താന്‍ കൂടുതല്‍ ഒന്നും തുറന്നുപറയാത്തതെന്ന് റിനി പ്രതികരിച്ചു. തുടര്‍ന്നും പലരെയും വെള്ള പൂശാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ പലതും തുറന്നുപറയേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

നിലവില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. ഏത് രാഷ്ട്രീയം തെരഞ്ഞെടുക്കണമെന്നത് തന്റെ സ്വാതന്ത്ര്യമാണ്. സ്ത്രീപക്ഷമാണ് തന്റെ രാഷ്ട്രീയം. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള എല്ലാ വേദികളിലും തുടര്‍ന്നും എത്തുമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

Content  Highlight: Congress profiles abuse Rini Ann George and KJ Shine, who attended the event with K.K. Shailaja