മോദി അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ള നേതാവ്; ഒരിക്കല്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് തരും: ശശി തരൂര്‍
national news
മോദി അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ള നേതാവ്; ഒരിക്കല്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് തരും: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th March 2022, 11:19 am

ജയ്പൂര്‍: ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു.

ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.പി.

”അസാമാന്യമായ ഊര്‍ജവും ശക്തിയുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (man of tremendous vigour and dynamsim). അഭിനന്ദനാര്‍ഹമായ ചില കാര്യങ്ങള്‍, പ്രത്യേകിച്ചും രാഷ്ട്രീയപരമായി അദ്ദേഹം ചെയ്തിട്ടുണ്ട്.

ഇത്രയും വലിയ ഒരു മാര്‍ജിനില്‍ അദ്ദേഹം, ബി.ജെ.പി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷെ അത് സംഭവിച്ചു,” ശശി തരൂര്‍ പറഞ്ഞു.

ഇന്ന് ബി.ജെ.പിക്ക് എന്താണോ വേണ്ടത് അത് വോട്ടര്‍മാര്‍ നല്‍കി, എന്നാല്‍ ഒരിക്കല്‍ അവര്‍ തന്നെ ബി.ജെ.പിക്ക് സര്‍പ്രൈസ് നല്‍കുമെന്നും തരൂര്‍ പ്രതികരിച്ചു.

”ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് സര്‍പ്രൈസ് തരാനുള്ള കപാസിറ്റി ഉണ്ട്. ഒരു ദിവസം അവര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് നല്‍കും. എന്നാല്‍ ഇന്ന്, ബി.ജെ.പിക്ക് എന്താണോ വേണ്ടത്, അത് വോട്ടര്‍മാര്‍ നല്‍കി,” ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം നിലനിര്‍ത്തിയിരുന്നു.

അതേസമയം, ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണത്തില്‍ വരികയും യു.പിയില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.


Content Highlight: Congress MP Shashi Tharoor says PM Narendra Modi is a man of tremendous vigour and dynamism, Credits Him For UP Polls Win