1991ലെ ആരാധനാലയ നിയമത്തിനെതിരായ ഹരജികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ്
national news
1991ലെ ആരാധനാലയ നിയമത്തിനെതിരായ ഹരജികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th January 2025, 10:07 pm

ന്യൂദൽഹി: 1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് . 1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ മതേതരത്വത്തിൻ്റെ സ്ഥാപിത തത്വങ്ങളെ തുരങ്കം വാക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് എം.പിയും ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ മുഖേനയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

1947 ആഗസ്റ്റ് 15ന് നിലനിന്നിരുന്ന മതപരമായ ഘടനകളുടെ തൽസ്ഥിതി നിലനിർത്താൻ ശ്രമിക്കുന്ന 1991ലെ നിയമം പത്താം ലോക്സഭയിൽ കോൺഗ്രസും ജനതാദളും ഭൂരിപക്ഷം നേടിയപ്പോൾ നടപ്പാക്കിയതാണെന്ന് ഹരജിയിൽ കോൺഗ്രസ് പറഞ്ഞു.

ഇന്ത്യയുടെ മതേതര സ്വത്വം സംരക്ഷിക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് 1991 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാണ് ഈ നിയമം കൊണ്ടുവന്നതെന്ന് പാർട്ടി അഭിപ്രായപ്പെട്ടു.

‘ഇന്ത്യയിലെ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ആരാധനാലയ നിയമം അനിവാര്യമാണ്. നിലവിലെ വെല്ലുവിളി മതേതരത്വത്തിൻ്റെ സ്ഥാപിത തത്വങ്ങളെ തുരങ്കം വയ്ക്കാനുള്ള ദുരുദ്ദേശപരമാണ് ശ്രമമാണ്,’ ഹരജിയിൽ പറയുന്നു.

നിയമത്തിന് അനുകൂലമായി പാർട്ടി നിരവധി വാദങ്ങൾ ഉന്നയിക്കുകയും നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിൽ തങ്ങളുടെ പ്രതിനിധികൾ പ്രധാന പങ്കുവഹിച്ചെന്നും പാർട്ടി പറഞ്ഞു.

നിയമത്തിലെ ഏത് മാറ്റവും ഇന്ത്യയുടെ സാമുദായിക സൗഹാർദ്ദത്തെയും മതേതര ഘടനയെയും അപകടത്തിലാക്കുകയും അതുവഴി രാജ്യത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയും ചെയ്യുമെന്ന് കോൺഗ്രസ് പറഞ്ഞു.

നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോൺഗ്രസ് പാർട്ടിയുടെ ഹരജി.

പി. വി. നരസിംഹ റാവു സർക്കാരിൻ്റെ കാലത്ത് പാർലമെൻ്റ് പാസാക്കിയ 1991 ലെ നിയമം, അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഒഴികെയുള്ള ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യുന്നത് നിരോധിക്കുകയും 1947 ഓഗസ്റ്റ് 15 ന് നിലനിന്നിരുന്ന ഏതെങ്കിലും ആരാധനാലയത്തിൻ്റെ മതപരമായ സ്വഭാവം അത് പോലെ നിലനിർത്തുകയും ചെയ്യുന്നു. നിയമത്തിൻ്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിച്ച് ദൽഹിയിൽ നിന്നുള്ള ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഹരജി സമർപ്പിച്ചിരുന്നു.

സുപ്രധാനമായ ഒരു ഉത്തരവിൽ, കഴിഞ്ഞ വർഷം ഡിസംബർ 12ന് സുപ്രീം കോടതി ഇന്ത്യയിലുടനീളമുള്ള വിചാരണ കോടതികളെ പുതിയ സ്യൂട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും സർവേകൾക്ക് ഉത്തരവിടുന്നതിൽ നിന്നും നിലവിലുള്ള കേസുകളിൽ വിധി പറയുന്നതിൽ നിന്നും വിലക്കിയിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 10ന് ഉത്തർപ്രദേശിലെ സംഭാലിലെ തർക്കമുള്ള ഷാഹി ജുമാമസ്ജിദിന് സമീപമുള്ള കിണറ്റിൽ ഹിന്ദുക്കൾ പൂജ നടത്തുന്നത് സുപ്രീം കോടതി വിലക്കിയിരുന്നു.

Content Highlight: Congress moves SC to oppose petitions against Places of Worship Act, 1991