ഛത്തീസ്​ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
national news
ഛത്തീസ്​ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th October 2022, 3:18 pm

ഛത്തീസ്​ഗഡ്: കോൺ​ഗ്രസ് എം.എൽ.എയും മുൻ മന്ത്രിയും ഛത്തീസ്​ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മനോജ് സിങ് മാണ്ഡവി(58) അന്തരിച്ചു. ഞായറാഴ്ച പുലർച്ചയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ധംതാരിയിലുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംസ്ഥാന കോൺ​ഗ്രസ് വക്താവ് സുശീൽ ആനന്ദ് ശുക്ല യാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൽ പുറത്തുവിട്ടത്.

മനോജ് സിങ് മാണ്ഡവിയുടെ വിയോ​ഗം നികത്താനാകാത്ത നഷ്ടമാണെന്ന് ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേൽ പറഞ്ഞു. കാൺകെർ ജില്ലയിലെ ഭാനുപ്രതാപ്പുർ മണ്ഡലത്തിൽ നിന്നുളള എം.എൽ.എയാണ് മനോജ് സിങ് മാണ്ഡവി.

മൂന്ന് തവണ എം.എൽ.എ മനോജ് സിങ് മാണ്ഡവി ആയിട്ടുണ്ട്. ബസ്തർ മേഖലയിൽ നിന്നുളള ആദിവാസി നേതാവ് കൂടിയായിരുന്നു മാണ്ഡവി. 2000-2003 കാലയളവിൽ അജിത് ജോഗി സർക്കാരിൽ ആഭ്യന്തര, ജയിൽ വകുപ്പ് സഹമന്ത്രിയായിരുന്നു മാണ്ഡവി.

മാണ്ഡവിയുടെ അന്ത്യകർമ്മങ്ങൾ കാങ്കറിലെ നതിയ നവഗാവിൽ നടക്കും.

Content Highlight: Congress MLA dies of heart attack