ജയ്ശ്രീറാം വിളിച്ചെന്ന വാദം ഒഴിവാക്കി എഫ്.ഐ.ആര്‍; എങ്ങുമെത്താതെ അന്വേഷണം; 50കാരനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം
national news
ജയ്ശ്രീറാം വിളിച്ചെന്ന വാദം ഒഴിവാക്കി എഫ്.ഐ.ആര്‍; എങ്ങുമെത്താതെ അന്വേഷണം; 50കാരനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th October 2022, 2:23 pm

ലഖ്‌നൗ: 50കാരനായ മുസ്‌ലിം കര്‍ഷകനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങള്‍ നല്‍കിയ മൊഴികളിലെ സുപ്രധാന വിവരങ്ങള്‍ പൊലീസ് ഒഴിവാക്കിയാണ് എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. കേസില്‍ അന്വേഷണം കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ബാഗ്പാത് ജില്ലയില്‍ സെപ്റ്റംബറിലായിരുന്നു സംഭവം. ബാഗ്പാത് സ്വദേശിയായ ദാവൂദ് അലി ത്യാഗിയാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

കര്‍ഷകനായ ത്യാഗി ഭാര്യക്കും മക്കള്‍ക്കുമൊപ്പം വിനയ്പൂരില്‍ താമസിച്ചുവരികയായിരുന്നു. ബന്ധുക്കളുമായി സംസാരിച്ച് വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെ എട്ടോളം ബൈക്കുകളിലെത്തിയ ഇരുപതിലധികം പേരടങ്ങുന്ന സംഘം പിതാവിനെ ആക്രമിക്കുയായിരുന്നുവെന്നും കൊല്ലപ്പെട്ട ദാവൂദിന്റെ മകന്‍ ഷാരൂഖ് പറയുന്നു.

‘മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ചെയിന്‍ സോക്കറ്റുകള്‍ സ്റ്റിക്കുകളില്‍ ഘടിപ്പിച്ചിരിക്കുന്നു, ആദ്യം അവര്‍ അച്ഛന്റെ തലയില്‍ അടിച്ചു. അവര്‍ എന്റെ ബന്ധുക്കളെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.. അവര്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്,’ ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദാവൂദിനെ മീററ്റിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

ആക്രമണം യാദൃശ്ചികമല്ലെന്നും നേരത്തെ തീരുമാനിച്ച പ്രകാരമുള്ളതാണെന്നും ദാവൂദിന്റെ കുടുംബം പറയുന്നു. പ്രദേശത്തെ മുസ്‌ലിങ്ങളില്‍ ഭയമുണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി ബാഘോട്ടില്‍ യോഗം ചേര്‍ന്നിരുന്നെന്നും ഇതിന്റെ ഫലമായാണ് ആക്രമണം നടന്നതെന്നും ദാവൂദിന്റെ കുടുംബം പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമകാരികളുടെ പ്രധാന ലക്ഷ്യം കൊലപാതകമായിരുന്നില്ലെന്നും മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും മറിച്ച് മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ വാദം. കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളെല്ലാം പൊലീസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജയ്ശ്രീറാം വിളിച്ചതിനെ കുറിച്ചുള്ള പരാമര്‍ശം ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ നാലുപേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മോട്ടോര്‍ ബൈക്കുകളും രണ്ട് വടികളും പൊലീസ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

ദാവൂദിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നു പരാതിയും കുടുംബം ഉന്നയിക്കുന്നുണ്ട്.

Content Highlight: 50year old thrashed to death, family says that the motive of attackers was to intilit fear among muslims