കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് പിന്നില്‍ ചെറു കൂട്ടങ്ങള്‍; ചില വാഗ്ദാനങ്ങള്‍ ജിഹാദികളെ സഹായിക്കാനാണെന്നും അരുണ്‍ ജെയ്റ്റ്‌ലി
D' Election 2019
കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് പിന്നില്‍ ചെറു കൂട്ടങ്ങള്‍; ചില വാഗ്ദാനങ്ങള്‍ ജിഹാദികളെ സഹായിക്കാനാണെന്നും അരുണ്‍ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2019, 6:12 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രിക രാജ്യത്തെ തകര്‍ക്കാനാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അപകടകരമാണെന്നും അത് നടപ്പാക്കാന്‍ കഴിയില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പ്രകടനപത്രികയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ സംശയിക്കുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു.

“രാഹുലിന്റെ സുഹൃത്തുക്കളായ ചില ചെറു കൂട്ടങ്ങള്‍ ചേര്‍ന്നാണ് പ്രകടന പത്രിക തയ്യാറാക്കിയത്. കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന്റേയും പൊലീസിന്റേയും സാന്നിധ്യം കുറക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിനു പിന്നിലും ഈ ചെറുകൂട്ടങ്ങളാണ്”- ജെയ്റ്റ്‌ലി പറഞ്ഞു.


അഫ്‌സ്പ നിയമത്തിലുള്‍പ്പെടെ മാറ്റം വരുത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇത് മാവോയിസ്റ്റുകളേയും ജിഹാദികളേയും സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഘടനവാദികളുമായി ഇനിയും ചര്‍ച്ച നടത്തണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

പല നിയമങ്ങളിലും പുനപരിശോധന നടത്തുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി തീവ്രവാദം മൂലമുണ്ടാകുന്ന ദുരിതം രാജ്യം അനുഭവിക്കുകയാണ്. മുംബൈയില്‍ ഉണ്ടായത് പോലൊരു ഭീകരാക്രമണം ഇനി ഉണ്ടാവാന്‍ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരുന്നു കോണ്ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ പത്രികയില്‍ വിപ്ലവാത്മക നിയമപരിഷ്‌കാരങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.


വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങള്‍ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ദീര്‍ഘകാലമായി ഭരണകൂടം മര്‍ദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങള്‍ എടുത്തുകളയുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നും പത്രികയില്‍ പറയുന്നു.

രാജ്യദ്രോഹക്കുറ്റത്തെ നിര്‍വചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും, കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും സൈന്യത്തിന് പ്രത്യകാധികാരങ്ങള്‍ നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്‌കരിക്കുമെന്നും പത്രികയില്‍ പറയുന്നുന്നുണ്ട്.