കോഴിക്കോട്: രണ്ട് പതിറ്റാണ്ടായി കോഴിക്കോട് ജില്ലയില്‍ ഒറ്റ എം.എല്‍.എയെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ്. 2001ന് ശേഷം ഇതാദ്യമായാണ് കോഴിക്കോട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിജയിക്കുന്നത്. അന്ന് കൊയിലാണ്ടിയില്‍ നിന്ന് അഡ്വ. പി. ശങ്കരനുംകോഴിക്കോട്നോർത്തിൽനിന്ന് അഡ്വ. എ. സുജനപാലുമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.
ശേഷം നടന്ന 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ യു.ഡി.എഫ് ചില സീറ്റുകളില്‍ വിജയം സ്വന്തമാക്കുമ്പോഴും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കാതെ പോയത് എന്നും നേതൃത്വത്തിന് തലവേദനയായിരുന്നു. എന്നാല്‍ ഇത്തവണ മത്സരിച്ച അഞ്ചില്‍ അഞ്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയം സ്വന്തമാക്കി.
ഉറച്ച ഇടത് കോട്ടയായ ബാലുശ്ശേരിയില്‍ സിറ്റിങ് എം.എല്‍.എയായ അഡ്വ. കെ.എം. സച്ചിന്‍ ദേവിനെ പരാജയപപെടുത്തിയാണ് യുവ നേതാവ് വി.ടി സൂരജ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. 16980 വോട്ടിനാണ് സൂരജിന്റെ വിജയം.
എലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ 12162 വോട്ടുകള്‍ക്ക് വീഴ്ത്തിയ വിദ്യ ബാലകൃഷ്ണന്‍ ജില്ലയിലെ എല്‍.ഡി.എഫ് നേതൃത്വത്തിന് ഞെട്ടലുണ്ടാക്കി. എല്‍.ഡി.എഫ് ഉറപ്പിച്ച സീറ്റില്‍ 77000ലധികം വോട്ടുകളാണ് മുന്‍ കൗണ്‍സിലര്‍ പിടിച്ചത്.
കോഴിക്കോട് ജില്ലയ്ക്ക് ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായ യുവ നേതാവ് കെ.എം. അഭിജിത്തിനെയാണ് നാദാപുരത്ത് കോണ്‍ഗ്രസ് കളത്തിലിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനോട് പരാജയപ്പെട്ട അഭിജിത്ത് ഇത്തവണ നാദാപുരത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിരിക്കുകയാണ്. സി.പി.ഐ.യുടെ അഡ്വ. പി. വസന്തത്തിനെതിരെ 23,600 വോട്ടുകള്‍ക്കാണ് അഭിജിത്തിന്റെ വിജയം.
കോഴിക്കോട് ഡി.സി.സി. അധ്യക്ഷന്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍ കൊയിലാണ്ടിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി കെ. ദാസനെ 12,070 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. കോഴിക്കോട് നോര്‍ത്തില്‍ സിറ്റിങ് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രനെ 1483 വോട്ടിന് അട്ടിമറിച്ച് അഡ്വ. കെ. ജയന്ത് വിജയം സ്വന്തമാക്കി.
പേരാമ്പ്രയില്‍ എല്‍.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗ് യുവ നേതാവ് ഫാത്തിമ തഹ്‌ലിയ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എം.എല്‍.എയുമായി. 5,087 വോട്ടിന്റെ ലീഡാണ് തഹ്ലിയക്കുള്ളത്.
കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബു (10,795), കുന്ദമംഗലത്ത് എം.എ. റസാഖ് മാസ്റ്റര്‍ (13,313), കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള (10,922), തിരുവമ്പാടിയില്‍ സി.കെ. കാസിം (6,741), കൊടുവള്ളിയില്‍ പി.കെ. ഫിറോസ് (36,682), വടകരയില്‍ കെ.കെ. രമ ( 14862) എന്നിവരും യു.ഡി.എഫിനായി വിജയം നേടി.
ജില്ലയില്‍ എല്‍.ഡി.എഫിന് നേടാന്‍ സാധിച്ചത് വെറും ബേപ്പൂര്‍ മണ്ഡലം മാത്രമാണ്. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വറിനെ പരാജയപ്പെടുത്തി മുഹമ്മദ് റിയാസാണ് ജില്ലയെ ക്ലീന്‍ സ്വീപ്പില്‍ നിന്നും രക്ഷിച്ചത്.
Content Highlight: Congress makes progress in Kozhikode district