തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐയെ മുന്നണിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം സി.പി.ഐ എല്‍.ഡി.എഫില്‍ നിന്ന് പുറത്ത് വന്നാല്‍ യു.ഡി.എഫില്‍ സ്വീകരിക്കുമെന്നതിന്റെ സൂചന നല്‍കിയത്.
മുന്നണി പോകണ്ട വഴി ഇതല്ലെന്ന് ബോധ്യമുള്ളവര്‍ക്ക് മുന്നില്‍ മുന്നണിയുടെ വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കില്‍ പുറത്തേക്ക് പോവുക എന്നീ രണ്ട് വഴികളാണുള്ളതെന്ന് ബല്‍റാം പറഞ്ഞു. ഇങ്ങനെ പുറത്ത് വന്നാല്‍ സി.പി.ഐയെ യു.ഡി.എഫില്‍ സ്വീകരിക്കുമെന്ന സൂചന നല്‍കിയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
‘മുന്നണി പോകേണ്ട വഴി ഇതല്ല എന്ന് ബോധ്യമുള്ളവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്ന്, മുന്നണിയുടെ വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുക. വഴിയാധാരമാവില്ല, ഉറപ്പ്,’ ബല്‍റാം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത്. സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചും ചര്‍ച്ചകള്‍ ഒന്നുമില്ലാതെയായിരുന്നു പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള തീരുമാനം.
നേരത്തെ, സി.പി.ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി സംസ്ഥാനധ്യക്ഷന്‍ ബിനോയ് വിശ്വം ഈ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. സി.പി.ഐ.എം മുന്നണി മര്യാദ ലംഘിച്ചെന്നും ഇടതുമുന്നണിയുടെ വഴി ഇതല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇതിന് പിന്നാലെയാണ് വി.ടി ബല്‍റാം സി.പി.ഐയെ മുന്നണിയിലേക്ക് ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
ബല്‍റാമിന് പുറമെ, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യു.ഡി.എഫ് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മതിച്ചാല്‍ ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നായിരുന്നു അടൂരിന്റെ പ്രതികരണം.
ഇതിനിടെ സി.പി.ഐയെ പരിഗണിക്കാതെ പി.എം ശ്രീ വിഷയത്തില്‍ ഏകപക്ഷീയമായി സി.പി.ഐ.എം തീരുമാനമെടുത്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ് നടപ്പാക്കുദ്ദേശിക്കുന്ന അജണ്ട സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുവെന്നും സി.പി.ഐ.എമ്മിന് സി.പി.ഐയേക്കാള്‍ വലുതാണ് ബി.ജെ.പിയെന്നും സതീശന്‍ പറഞ്ഞു. അപമാനം സഹിച്ച് മുന്നണിയില്‍ തുടരണോ എന്ന് സി.പി.ഐ തീരുമാനിക്കണ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സി.പി.ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി നിലപാട് അറിയിക്കുമെന്നാണ് ബിനോയ് വിശ്വം അറിയിച്ചിരിക്കുന്നത്. മുന്നണി വിടുമോ എന്നടക്കമുള്ള വിഷയങ്ങള്‍ ഈ യോഗത്തിലായിരിക്കും കൈക്കൊള്ളുക. ഇതിനിടെ പദ്ധതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സി.പി.ഐ മന്ത്രിമാര്‍ സ്ഥാനം രാജിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
Content Highlight: Congress leader VT Balram has invited the CPI, which is stuck in the PM Shri project, to join the UDF