എല്‍.ഡി.എഫിന്റെ മികവുകൊണ്ടല്ല, യു.ഡി.എഫിന്റെ പിഴവുകൊണ്ട്; നടന്നത് ആത്മഹത്യ; കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതാവ്
Kerala
എല്‍.ഡി.എഫിന്റെ മികവുകൊണ്ടല്ല, യു.ഡി.എഫിന്റെ പിഴവുകൊണ്ട്; നടന്നത് ആത്മഹത്യ; കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th December 2025, 8:17 pm

കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ തോല്‍വിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി. യു.ഡി.എഫിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

എല്‍.ഡി.എഫിന്റെ മികവുകൊണ്ടല്ല, യു.ഡി.എഫിന്റെ പിഴവുകൊണ്ടാണ് കല്‍പ്പറ്റ നഗരസഭ കൈവിട്ടതെന്ന് സാലി റാട്ടക്കൊല്ലി ഫേസ്ബുക്കില്‍ കുറിച്ചു. എല്‍.ഡി.എഫിന്റെ വിജയത്തിന് കാരണമായത് അവരുടെ രാഷ്ട്രീയ ബുദ്ധികൗശലമോ, ജനകീയ മുന്നേറ്റമോ അല്ലെന്നും സാലി കൂട്ടിച്ചേര്‍ത്തു.

‘സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗുരുതര പാളിച്ചകളാണ് യു.ഡി.എഫിന്റെ അടിത്തറ ഇളക്കിയത്. ജനങ്ങളുടെ ഇടയില്‍ വിശ്വാസവും സ്വാധീനവും ഉള്ളവരെ മാറ്റിനിര്‍ത്തി, ഇഷ്ടക്കാരെയും സ്വന്തക്കാരെയും കുത്തിനിറച്ചപ്പോള്‍ അവിടെ രാഷ്ട്രീയം മരിച്ചു, സ്വാര്‍ത്ഥത മാത്രമാണ് ജീവിച്ചത്,’ കോണ്‍ഗ്രസ് നേതാവ് പറയുന്നു.

ജനങ്ങളോട് സംസാരിക്കാനുള്ള കഴിവുള്ളവരെയും അഭിപ്രായവും നിലപാടും ഉള്ളവരെയും പാടെ അവഗണിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നാളെയുടെ രാഷ്ട്രീയത്തെ ചുമക്കേണ്ട ചെറുപ്പക്കാരെ, വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഊര്‍ജമുള്ളവരെ ബോധപൂര്‍വം പുറത്ത് നിര്‍ത്തിയെന്നും വിമര്‍ശനമുണ്ട്.

ഇതോടെ യു.ഡി.എഫ് ദുര്‍ബലമായി, പ്രവര്‍ത്തകര്‍ നിരാശരായി, പിന്തുണക്കാര്‍ കൈവിട്ടു, വോട്ടുകള്‍ മൗനമായി മാറി. അവസാനം കല്‍പ്പറ്റ നഗരസഭ യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫിലേക്ക് വഴുതിവീണു. യു.ഡി.എഫിന്റെ ആത്മഹത്യയാണ് കല്‍പ്പറ്റയില്‍ ഉണ്ടായതെന്നും സാലി പറഞ്ഞു.

പാര്‍ട്ടിയെ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ച സ്വാര്‍ത്ഥ താത്പര്യക്കാരായ നേതാക്കന്മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും അഹങ്കാരത്തിനുള്ള മറുപടിയാണ് ഈ തോല്‍വിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയും പാഠം പഠിക്കാതെ പോയാല്‍ കല്‍പ്പറ്റ ഒരു അപവാദമല്ല, ഒരു തുടക്കമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളെ കേള്‍ക്കാത്ത രാഷ്ട്രീയം ദീര്‍ഘകാലം നിലനില്‍ക്കില്ല. സ്വാര്‍ത്ഥത ഉപേക്ഷിച്ച് ജനങ്ങളിലേക്ക് തിരിച്ചു വരാതെ യു.ഡി.എഫിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ 30 വാര്‍ഡുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. എല്‍.ഡി.എഫ് 15 സീറ്റ് നേടിയപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി കല്‍പ്പറ്റ നഗരസഭയില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കുകയും രണ്ട് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു.

കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.ജി. രവീന്ദ്രന്റെ നോമിനേഷന്‍ തള്ളിയതും സീറ്റ് തര്‍ക്കവുമാണ് യു.ഡി.എഫിന് പ്രതികൂലമായത്. കെ.ജി. രവീന്ദ്രന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായ പ്രഭാകരന്‍ സി.എസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Content Highlight: Congress leader Sally Rattakolly reacts to the defeat in Kalpetta Municipality