തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണതുപോലെ ഈ സര്‍ക്കാരും ഇടിഞ്ഞുവീഴുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആരോഗ്യമേഖലയിലുണ്ടായ തകര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യ മന്ത്രിയാണെന്നും വീണാ ജോര്‍ജ് ഉടന്‍ തന്നെ മന്ത്രിസ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
‘സംവിധാനത്തിന്റെ പരാജയമാണെന്ന് മന്ത്രി തന്നെ പറഞ്ഞു. മന്ത്രിയാണല്ലോ സിസ്റ്റത്തെ നിയന്ത്രിക്കുന്നത്. അപ്പോള്‍ മന്ത്രിയുടെ തന്നെ പരാജയമാണ്. വസ്തുതകളെ മനസ്സിലാക്കി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല,’ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
എട്ടാം തിയ്യതി സംസ്ഥാന വ്യാപകമായി താലൂക്ക് ആശുപത്രികളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെ കുറിച്ചും മുന്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു.
‘മുഖ്യമന്ത്രി ആരോടും പറയാതെ ചികിത്സയ്ക്ക് പോയി. മുഖ്യമന്ത്രിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ നിന്നും നീതി കിട്ടാത്ത സമയത്താണ് മന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.
വീണാ ജോര്‍ജിന്റെ രാജിയെങ്കിലും വാങ്ങിയിട്ട് മുഖ്യമന്ത്രിക്ക് ചികിത്സക്കായി പോകാമായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ കഴിയില്ലല്ലോ’, രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യസംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്ന് രമേശ് ചെന്നിത്തല നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
സാധാരണക്കാര്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. എന്നാല്‍, ഇവരുടെ ജീവന് യാതൊരു വിലയും നല്‍കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ജനുവരി 25-ന് സി.എ.ജി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലെ ഒരു ഭാഗം.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തെന്നാണ് ഇതിലെ പ്രധാന ആരോപണം. ആരോഗ്യമന്ത്രിയുടെ കഴിവുകേട് ബോധ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എല്ലാ സീമകളെയും ലംഘിച്ചുവെന്ന് മുഖ്യമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് സത്യം തുറന്നെഴുതിയപ്പോള്‍ ഇടതുപക്ഷവും സര്‍ക്കാരും വേട്ടനായ്ക്കളെപ്പോലെയായി. കേരള മോഡല്‍ ആരോഗ്യരംഗത്തിന് അന്ത്യം കുറിച്ച ഭരണകാലം എന്നായിരിക്കും പിണറായി വിജയന്റെ ഭരണകാലം അറിയപ്പെടുക, രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress leader Ramesh Chennithala said that this government will also collapse just like the Kottayam Medical College building