വെള്ളാപ്പള്ളി വര്‍ഗീയവാദിയാണോ എന്ന് ചോദ്യം; ആര്‍ക്കും ഒരു സര്‍ട്ടിഫിക്കറ്റും കൊടുക്കാനില്ലെന്ന് ചെന്നിത്തല
Kerala News
വെള്ളാപ്പള്ളി വര്‍ഗീയവാദിയാണോ എന്ന് ചോദ്യം; ആര്‍ക്കും ഒരു സര്‍ട്ടിഫിക്കറ്റും കൊടുക്കാനില്ലെന്ന് ചെന്നിത്തല
ആദര്‍ശ് എം.കെ.
Friday, 9th January 2026, 1:57 pm

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളാതെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദി ആണോ എന്ന ചോദ്യത്തിന്, ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയപരമായ കാര്യങ്ങള്‍ നിരന്തരം പറയുന്നയാളെന്ന വിമര്‍ശനം വെള്ളാപ്പള്ളിക്കെതിരെ ഉയരുന്ന സാഹചര്യത്തില്‍ എന്താണ് നിലപാട് എന്ന ചോദ്യത്തിന് ‘സമൂഹത്തിലെ എല്ലാ മതങ്ങളെയും മത വിശ്വാസങ്ങളെയും യോജിപ്പിച്ചുകൊണ്ടുപോകുന്ന നിലപാട് മാത്രമേ കേരളം സ്വീകരിക്കാന്‍ പാടുള്ളൂ,’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയ സംഭവത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

വെള്ളാപ്പള്ളി നടേശനെ താനും കാറില്‍ കയറ്റുമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

പിണറായി വിജയന്റെ സ്ഥാനത്ത് താങ്കളായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റുമോ എന്ന ചോദ്യത്തിന് ‘ഞാന്‍ എല്ലാവരെയും കയറ്റുന്ന ആളാണല്ലോ, ആരെ വേണമെങ്കിലും ഞാന്‍ കാറില്‍ കയറ്റും,’ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

മറ്റാരെയും കാറില്‍ കയറ്റാത്ത പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ പോലെ ഒരാളെ കാറില്‍ കയറ്റുന്നത് വാര്‍ത്തയാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ കാറില്‍ ഒന്നിച്ചെത്തിയത് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളില്‍ പൊലീസ് നടപടിയെടുക്കാത്തതിലും വിമര്‍ശനമുന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തുവരവെ വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കും ക്ഷീണമുണ്ടാക്കുമെന്ന് പരക്കെ നിരീക്ഷണമുണ്ടാകുന്ന സാഹചര്യത്തില്‍ കൂടിയാണ് വെള്ളാപ്പള്ളിയെ തള്ളാത്ത നിലപാട് കോണ്‍ഗ്രസ് നേതാക്കളും സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

Content Highlight: Congress leader Ramesh Chennithala did not reject Vellappally Natesan.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.