തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായെന്നും സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡോക്ടര്‍ ഹാരിസ് സത്യം വിളിച്ചുപറഞ്ഞപ്പോള്‍ ഇടതുപക്ഷവും സര്‍ക്കാരും വേട്ടനായ്ക്കളെ പോലെ ആയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണക്കാര്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. എന്നാല്‍, ഇവരുടെ ജീവന് യാതൊരു വിലയും നല്‍കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ജനുവരി 25-ന് സി.എ.ജി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലെ ഒരു ഭാഗം.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്‌തെന്നാണ് ഇതിലെ പ്രധാന ആരോപണം. ആരോഗ്യമന്ത്രിയുടെ കഴിവുകേട് ബോധ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എല്ലാ സീമകളെയും ലംഘിച്ചുവെന്ന് മുഖ്യമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് സത്യം തുറന്നെഴുതിയപ്പോള്‍ ഇടതുപക്ഷവും സര്‍ക്കാരും വേട്ടനായ്ക്കളെപ്പോലെയായി. കേരള മോഡല്‍ ആരോഗ്യരംഗത്തിന് അന്ത്യം കുറിച്ച ഭരണകാലം എന്നായിരിക്കും പിണറായി വിജയന്റെ ഭരണകാലം അറിയപ്പെടുക, രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കും.
അതേസമയം, ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. ഇന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കും. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം തീരുമാനിച്ചിട്ടുണ്ട്.
Content Highlight: Congress leader Ramesh Chennithala criticize health department