മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛന്റെ ഹൃദയത്തില്‍ ആ മക്കളോടുള്ള സ്‌നേഹം അയാളുടെ മരണശേഷവും ബാക്കിയാകും; ഹൃദയപൂര്‍വ്വത്തെ കുറിച്ച് ടി.എന്‍. പ്രതാപന്‍
Malayalam Cinema
മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛന്റെ ഹൃദയത്തില്‍ ആ മക്കളോടുള്ള സ്‌നേഹം അയാളുടെ മരണശേഷവും ബാക്കിയാകും; ഹൃദയപൂര്‍വ്വത്തെ കുറിച്ച് ടി.എന്‍. പ്രതാപന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th September 2025, 3:31 pm

തിരുവനന്തപുരം: ഹൃദയപൂര്‍വ്വം കണ്ടതിന്റെ അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായിരുന്ന ടി.എന്‍ പ്രതാപന്‍. ഹൃദയപൂര്‍വ്വം സിനിമ തനിക്ക് തന്ന ഏറ്റവും വലിയ സന്ദേശം ഒരച്ഛന്‍ എന്ന നിലക്ക് തന്നെ വല്ലാതെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറയുന്നു.

മക്കളെ സ്നേഹിക്കുന്ന ഒരച്ഛന്റെ ഹൃദയത്തില്‍ ആ മക്കളോടുള്ള അയാളുടെ സ്നേഹം അയാളുടെ മരണശേഷവും ബാക്കിയാകുമെന്നും അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹബന്ധം ഭൗതികമായ ജീവിതത്തിനുമപ്പുറം സ്ഥല-കാല സങ്കല്പങ്ങളെ പുനര്‍നിര്‍വ്വചിക്കുന്ന ആത്മീയമായ സത്യമാവുന്നു എന്നാണ് ഈ സിനിമ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ് ബുക്കില്‍ പങ്കുവെച്ച കുറുപ്പിലൂടെയാണ് ടി. എന്‍ പ്രതാപന്‍ ഈ കാര്യം പറഞ്ഞത്.

മാളവിക മോഹന്‍ അവതരിപ്പിച്ച ഹരിത മോഹന്‍ലാലിന്റെ കഥാപാത്രത്തിന് തന്റെ അച്ഛന്റെ ശബ്ദം കേള്‍പ്പിക്കുന്ന രംഗമായപ്പോള്‍ തന്റെ മനസ് നിറഞ്ഞുപോയെന്നും അച്ഛന്‍ എന്ന വികാരം തനിക്ക് എന്തെന്നില്ലാത്ത ഒരനുഭവമാണെന്നും ടി.എന്‍.പ്രതാപന്‍ പറഞ്ഞു. തന്റെ മക്കളുടെ അച്ഛനായിരിക്കുക എന്നതും തന്റെ അച്ഛന്റെ മകനായിരിക്കുക എന്നതും ദിനേനയെന്നോണം തന്നെ ആഴത്തില്‍ പുനര്‍ നിര്‍വ്വചിക്കുന്ന ഒരു വലിയ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലാസിക് സത്യന്‍ അന്തിക്കാട് സിനിമകളുടെ ഭൂപ്രകൃതിയും മനുഷ്യരും കാഴ്ചകളും ഈ സിനിമയിലില്ലെന്നും പക്ഷെ സത്യന്‍ അന്തിക്കാടിന്റെ അന്വേഷണം ഇപ്പോഴും മനുഷ്യരിലെ നന്മകളെ കുറിച്ചാണെന്നും ടി. എന്‍. പ്രതാപന്‍ അഭിപ്രായപ്പെട്ടു.

‘പുതിയ കാലത്തിന്റെ കഥപറച്ചിലുകളുടെ വ്യവഹാര സങ്കല്‍പ്പങ്ങള്‍ ഉള്‍കൊള്ളാനും അതവതരിപ്പിക്കാനും പുതുതലമുറയിലെ ഒരു സംവിധായകനെ പോലെ സത്യന്‍ അന്തിക്കാടിന് കഴിയുന്നു, പ്രേക്ഷകര്‍ അതേറ്റെടുക്കുന്നു എന്നാണ് ഈ ചിത്രത്തിന്റെ വിജയം പറയുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.എന്‍ പ്രതാപിന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ആഴ്ച്ച കുടുംബത്തോടൊപ്പം ‘ഹൃദയപൂര്‍വ്വം’ കണ്ടിരുന്നു. കാഞ്ഞാണി ബ്രഹ്‌മകുളം തിയ്യേറ്ററിലായിരുന്നു ഈ മനോഹരമായ സിനിമ ആസ്വദിച്ചത്. കാലമെത്ര പോയാലും സത്യന്‍ അന്തിക്കാടിന്റെ സര്‍ഗ്ഗശേഷി അല്പം പോലും മങ്ങാതെ ഇവിടെ ഉണ്ടാവും എന്നതിന്റെ തെളിവാണ് ഈ സിനിമ.

ക്ലാസിക് സത്യന്‍ അന്തിക്കാട് സിനിമകളുടെ ഭൂപ്രകൃതിയും മനുഷ്യരും കാഴ്ചകളും ഈ സിനിമയിലില്ല. ഗൃഹാതുരമായ ഗ്രാമ്യസങ്കല്പങ്ങളില്ല. അന്തിക്കാടിന്റെ കോള്‍പാടങ്ങളും, തോടുകളും, ചിറകളും, അധ്വാനിക്കുന്ന മനുഷ്യരും, അവരുടെ മൂല്യ വിചാരങ്ങളും സത്യന്‍ അന്തിക്കാടിന്റെ എഴുത്തുകളെ, ദൃശ്യഭാവനകളെ അത്രമേല്‍ സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സിനിമകളാണ് നമ്മള്‍ പോയകാലത്ത് ഏറെയും കണ്ടത്.

എന്നാല്‍ ഈ സിനിമയുടെ ഭൂപ്രകൃതി നഗരത്തിന്റേതാണ്. മനുഷ്യരും സ്വാഭാവികമായും നഗരങ്ങളിലുള്ളവരാണ്. പക്ഷെ സത്യന്റെ അന്വേഷണം ഇപ്പോഴും മനുഷ്യരിലെ നന്മകളാണ്. പുതിയ കാലത്തിന്റെ കഥപറച്ചിലുകളുടെ വ്യവഹാര സങ്കല്‍പ്പങ്ങള്‍ ഉള്‍കൊള്ളാനും അവതരിപ്പിക്കാനും പുതുതലമുറയിലെ ഒരു സംവിധായകനെ പോലെ സത്യന്‍ അന്തിക്കാടിന് കഴിയുന്നു, പ്രേക്ഷകര്‍ അതേറ്റെടുക്കുന്നു എന്നാണ് ഈ ചിത്രത്തിന്റെ വിജയം പറയുന്നത്.

ഈ സിനിമയുടെ എല്ലാമെല്ലാം മോഹന്‍ലാല്‍ തന്നെയാണ്. അറുപത്തിയഞ്ച് വയസ്സുള്ള ഒരു കലാകാരന്‍ അയാളുടെ അസാമാന്യ അഭിനയപാടവം കൊണ്ട്, അത്രമേല്‍ മനോഹരമായ മാനറിസം കൊണ്ട് പ്രേക്ഷകരെ എത്ര എളുപ്പത്തിലാണ് സിനിമയുടെ ലോകത്തേക്ക് വിളിച്ചു കൊണ്ടുപോകുന്നത്. ‘ഹൃദയപൂര്‍വ്വ’ത്തില്‍ മോഹന്‍ലാലിന്റെ ഓരോ ചെറിയ അനക്കങ്ങളിലും അടക്കങ്ങളിലും അയാളിലെ പ്രതിഭ പ്രശോഭിതമാവുന്നു. മോഹന്‍ലാല്‍ ചിരിക്കുമ്പോള്‍ നമ്മുടെ മനസ്സ് വിശാലമാവുന്നത് നമ്മള്‍ അനുഭവിക്കുന്നു.

ഹാസ്യ രംഗങ്ങളില്‍ അനായാസമായി അയാള്‍ ഒഴുകി നടക്കുന്നു. സംഗീത് പ്രതാപിനെ പോലെ ഏറ്റവും പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കൊപ്പവും ജഗതിയോടും ഇന്നസെന്റിനോടുമൊക്കെ മോഹന്‍ലാല്‍ സാധ്യമാക്കിയിരുന്നു കെമിസ്ട്രി എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കുന്നു. നമ്മളവരുടെ കുസൃതികളില്‍, സംസാരങ്ങളില്‍ വീണുപോകുന്നു, മതിമറന്ന് ചിരിക്കുന്നു.

മോഹന്‍ലാല്‍ ഒരു വിസ്മയമായി നമുക്കിടയില്‍ തുടരുകയാണ്. ഈ വര്‍ഷത്തെ മൂന്ന് മോഹന്‍ലാല്‍ സിനിമകളും ഈ മലയാളം സിനിമ മേഖലയെ കച്ചവടപരമായും കലാപരമായും ഏറെ ഉയരങ്ങളിലേക്ക് നയിച്ചവയാണ്. എംപുരാന്‍ തുറന്ന ആഗോള മാര്‍ക്കറ്റ് മലയാള സിനിമയുടെ ഭാവുകത്വത്തെ തന്നെ സ്വാധീനിക്കും. ‘തുടരും’ സിനിമയിലെ മോഹന്‍ലാല്‍ ഇപ്പോഴും നമ്മുടെ ഉള്ളിലുണ്ട്.

അയാള്‍ ആ മഴകൊണ്ട് അവിടെ നില്‍പ്പുണ്ട്. അയാളുടെ സ്‌നേഹവും നഷ്ടവും പ്രതികാരവും നമ്മെ പിടിച്ചുലക്കുന്നുണ്ട്. ഹൃദയപൂര്‍വ്വം’ സിനിമ എനിക്ക് തന്ന ഏറ്റവും വലിയ സന്ദേശം ഒരച്ഛന്‍ എന്ന നിലക്ക് എന്നെ വല്ലാതെ സ്വാധീനിച്ചു. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛന്റെ ഹൃദയത്തില്‍ ആ മക്കളൊടുള്ള അയാളുടെ സ്‌നേഹം അയാളുടെ മരണശേഷവും ബാക്കിയാവും. അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹബന്ധം ഭൗതികമായ ജീവിതത്തിനുമപ്പുറം സ്ഥല-കാല സങ്കല്പങ്ങളെ പുനര്‍നിര്‍വ്വചിക്കുന്ന ആത്മീയമായ സത്യമാവുന്നു എന്നാണ് ഈ സിനിമ പറയുന്നത്.

ഭാര്യ രമയ്ക്കും, മക്കളായ ആഷിഖിനും ആന്‍സിക്കും അപര്‍ണ്ണയ്ക്കുമൊപ്പമാണ് ‘ഹൃദയപൂര്‍വ്വം’ കണ്ടത്. മാളവിക മോഹന്‍ അവതരിപ്പിച്ച ഹരിത മോഹന്‍ലാലിന്റെ കഥാപാത്രത്തിന് തന്റെ അച്ഛന്റെ ശബ്ദം കേള്‍പ്പിക്കുന്ന രംഗമായപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞുപോയി. അച്ഛന്‍ എന്ന വികാരം എനിക്ക് എന്തെന്നില്ലാത്ത ഒരനുഭവമാണ്. എന്റെ മക്കളുടെ അച്ഛനായിരിക്കുക എന്നതും എന്റെ അച്ഛന്റെ മകനായിരിക്കുക എന്നതും ദിനേനയെന്നോണം എന്നെ ആഴത്തില്‍ നിര്‍വ്വചിക്കുന്ന, പുനര്‍ നിര്‍വ്വചിക്കുന്ന ഒരു വലിയ സത്യമാണ്.

മോഹന്‍ലാലിനൊപ്പം, സംഗീത്, മാളവിക, സംഗീത തുടങ്ങി എല്ലാവരും അവരുടെ ഭാഗങ്ങള്‍ മികച്ചതാക്കി. ഈ സിനിമാനുഭവത്തിന് മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി. പ്രത്യേകിച്ച് മലയാളത്തിന്റെ മോഹന്‍ലാലിനും എന്റെ പ്രിയപ്പെട്ട സത്യേട്ടനും.

Content highlight: Congress leader and former MP TN Prathapan shared his  experience watching hridayapoorvam movie