അയോധ്യ വിഷയങ്ങളിലടക്കം കോണ്‍ഗ്രസ് അനാവശ്യ വിമര്‍ശനമുയര്‍ത്തുന്നു': ഹാര്‍ദിക് പട്ടേലിന്റെ രാജിക്കത്തിലെ പ്രസക്ത ഭാഗങ്ങള്‍
national news
അയോധ്യ വിഷയങ്ങളിലടക്കം കോണ്‍ഗ്രസ് അനാവശ്യ വിമര്‍ശനമുയര്‍ത്തുന്നു': ഹാര്‍ദിക് പട്ടേലിന്റെ രാജിക്കത്തിലെ പ്രസക്ത ഭാഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 6:53 pm

ഗാന്ധിനഗര്‍: അയോധ്യ വിഷയങ്ങളിലടക്കം കോണ്‍ഗ്രസ് അനാവശ്യ വിമര്‍ശനമുയര്‍ത്തുന്നുവെന്ന് ഹാര്‍ദിക് പട്ടേല്‍. രാജ്യത്ത് നടക്കുന്ന എല്ലാത്തിനേയും വിമര്‍ശിക്കുക മാത്രമാണ് രാജ്യത്തെ കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച അയോധ്യയിലെ രാമക്ഷേത്രം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോലും കോണ്‍ഗ്രസ് വഴിമുടക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രധാന ശ്രദ്ധ മുതിര്‍ന്ന നേതാക്കള്‍ക്ക് കൃത്യ സമയത്ത് ചിക്കന്‍ സാന്‍ഡ്‌വിച്ച് കിട്ടിയോ എന്നത് മാത്രമാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ രാജിക്കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

‘പാര്‍ട്ടിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പ്രവര്‍ത്തനം നടത്തുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴും പ്രശ്‌നങ്ങളില്‍ നിന്നും ദൂരെയായിരിക്കും. ഗുജറാത്തികളെ എല്ലാ തരത്തിലും വിമര്‍ശിക്കുകയും ഗുജറാത്തികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് എന്തിനാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാര്യക്ഷമതയില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാജയം. പാര്‍ട്ടിയിലുള്ള വിശ്വാസം യുവാക്കള്‍ക്ക് നഷ്ടപ്പെട്ടിട്ട് കാലം ഒരുപാടായി. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്യാനോ, പ്രവര്‍ത്തിക്കാനോ ഇന്ന് യുവാക്കളെ ലഭിക്കാത്തത്,’ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

‘സാമൂഹ്യരംഗത്തോ രാഷ്ട്രീയ രംഗത്തോ പ്രവര്‍ത്തിക്കുന്ന ആരാണെങ്കിലും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ താത്പര്യമില്ല. കോണ്‍ഗ്രസില്‍ ചേരുന്ന സമയത്ത് നേതൃത്വത്തിന്റെ മനസ്സില്‍ രാജ്യത്തോടും, യുവാക്കളോടും ഇത്രമാത്രം വിദ്വേഷമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹാര്‍ദിക്കിന്റെ നിലപാട് ബി.ജെ.പി അനുകൂലമായിരുന്നു. കോണ്‍ഗ്രസിന് ശേഷം ഏത് പാര്‍്ട്ടിയിലേക്ക് എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാണ്.

Content Highlight: Congress is trying to block every project put forward by BJP led government says Hardik Patel